കൊച്ചി: എയ്ഡഡ് സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച് പോലീസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ പരിശോധിച്ച് വ്യാജ മേല്‍വിലാസക്കാരെ കണ്ടെത്തണമെന്നും അന്വേഷണം ഈ അധ്യാന വര്‍ഷം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കുട്ടികളുടെ തിരിച്ചറിയല്‍ അടയാളം ശേഖരിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഓരോ സ്‌കൂളിലും പോലീസ് നേരിട്ടെത്തി പരിശോധിക്കണം. അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടരുതെന്നും കോടതി പറഞ്ഞു.

15 വിദ്യാര്‍ഥികളുടെ പ്രവേശനം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് കാണിച്ച് തൃശൂരിലെ ഒരു സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഹരജിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി ചര്‍ച്ച ചെയ്തു. വ്യാജ മേല്‍വിലാസത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കുകയും അത് തലയെണ്ണല്‍ സമയത്ത് ഉപയോഗിക്കുകയും ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ കോടതി പരിഗണിച്ചു.