കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്ക് ആറാഴ്ചത്തേക്ക് പരിശീലനം നല്‍കരുതെന്നും ഇവര്‍ക്ക് പോലീസില്‍ നിയമനം നല്‍കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പോലീസ് സേനയിലെ ക്രിമിനലുകളെ കണ്ടെത്തി പരിശീലനത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അഞ്ചാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പോലീസിനെ ക്രിമിനല്‍ മുക്തമാക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

പോലീസിലെ ക്രിമിനലുകളെക്കുറിച്ചുള്ള സിബി മാത്യൂസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ ജോസഫ് എം പുതുശ്ശേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.