high-courtകൊച്ചി: കൃഷ്ണഗിരിയില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ കൈയ്യേറിയ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. നടപടി വൈകുന്നതില്‍ വിശദീകരണം നല്‍കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ശ്രേയാംസ്‌കുമാര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയത്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. ഓരോ പൗരനും ഓരോ നീതിയാണോയെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു.

ഭൂമി ഇനിയും ഏറ്റെടുക്കാതിരിക്കുന്നതിന് സര്‍ക്കാറിന് എന്ത് ന്യായമാണുള്ളതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഉടന്‍ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്് വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ശേഷമേ ശ്രേയാംസ്‌കുമാറിന്റെ അപ്പീല്‍ പരിഗണിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

നേരത്തെ മൂന്നു മാസത്തെ സമയമാണ് ഭൂമി ഏറ്റെടുക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നത്.