തലശേരി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസ് ഡയറി ഹാജരാക്കാഞ്ഞതിനാലാണ് ഹര്‍ജി മാറ്റിയത്. ഡയറി ഹാജരാക്കാത്തതിന് പ്രോസിക്യൂഷനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

ടി.പി വധവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പോലീസ് കേസ് ഡയറി ഹാജരാക്കിയില്ല. ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് കുഞ്ഞനന്തന്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്.

ടി.പി വധത്തില്‍ തനിയ്ക്ക് പങ്കില്ലെന്നും തന്നെ കേസില്‍ ചേര്‍ത്തുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കോടതിയില്‍ ഹാജരാകാന്‍ താന്‍ തയ്യാറാണെന്നും പോലീസിനെ ഭയന്നാണ് ഒളിവില്‍ കഴിയുന്നതെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലായ പലരും അന്വേഷണസംഘത്തിന്റെ പീഡനം മൂലം ആശുപത്രിയിലാണ്. ചിലരെ കുറിച്ചുള്ള വിവരങ്ങള്‍ പോലും അറിയുന്നില്ല. അതിനാലാണ് മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.