എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീപീഡനക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കോടതിക്ക് അധികാരമില്ല: സുപ്രീം കോടതി
എഡിറ്റര്‍
Friday 4th January 2013 1:10pm

ന്യൂദല്‍ഹി: സ്ത്രീപീഡനക്കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.

ബലാത്സംഗക്കേസുകളില്‍ വിചാരണ നേരിടുന്ന എം.എല്‍.എമാരെയും എം.പിമാരെയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ ഐ.എ.എസ് ഓഫീസര്‍ പ്രൊമിള ശങ്കറാണ് ഹരജി സമര്‍പ്പിച്ചത്.

Ads By Google

ബലാത്സംഗക്കേസുകളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ അയോഗ്യരായി പ്രഖ്യാപിക്കാന്‍ കോടതിക്ക് അധികാരമില്ല. അംഗങ്ങളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നിയമസഭകളും പാര്‍ലമെന്റുമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അതിവേഗ കോടതികളില്‍ തീര്‍പ്പാക്കാവുന്നതാണെന്നും സുപ്രീം കോടതി അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ കേസുകള്‍ അതിവേഗ കോടതികളില്‍ തീര്‍പ്പാക്കുന്നതിലും സ്ത്രീ സുരക്ഷയ്ക്ക് നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിലും വിശദീകരണം തേടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ നാല് ആഴ്ചയ്ക്കകം മറുപടി അറിയിക്കണം. കോടതികള്‍ സ്ഥാപിക്കുന്നതിലും ജഡ്ജിമാരെ നിയമിക്കുന്നതിലും പീഡനത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും സംബന്ധിച്ച്  വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

മിശ്ര വിവാഹങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ക്കുള്ള നിലപാട് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

Advertisement