ന്യൂദല്‍ഹി: കുറ്റവിചാരണക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ മേധാവികളെ ദല്‍ഹി ഹൈക്കോടതി ഒഴിവാക്കി. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ മേധാവികള്‍ മാര്‍ച്ച് 13ന് കോടതിയില്‍ നേരിട്ട ഹാജരാവണമെന്ന് കോടതിവിധിയുണ്ടായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ വാദംകേട്ടശേഷമാണ് കോടതി ഇവരെ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കിയത്.

കേന്ദ്രസര്‍ക്കാറിന്റെയും ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും അഭിഭാഷകര്‍ തമ്മില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദത്തിനൊടുവിലാണ് രണ്ട് കമ്പനികളുടെയും മേധാവികള്‍ക്ക് കോടതി ഇളവ് അനുവദിച്ചത്.

അശ്ലീലം നിറഞ്ഞതും വിദ്വേഷകരവുമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണമാണ് കമ്പനികള്‍ക്കെതിരെയുള്ളത്. ഇന്ത്യയുടെ വികാരം മാനിക്കാന്‍ ഫെയ്‌സ്ബുക്കും ഗുഗിളും തയ്യാറാകുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ കുറ്റപ്പെടുത്തി.

യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഒരു വീഡിയോ നീക്കം ചെയ്യാന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറായില്ലെന്ന് അഭിഭാഷകന്‍ ഉദാഹരണമായി എടുത്തുപറഞ്ഞു. കശ്മീരിനെക്കുറിച്ചുള്ള ഈ വീഡിയോ എടുത്തുകളയാതിരുന്നത് ഇന്ത്യന്‍ നിയമത്തോടുള്ള ധിക്കാരമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

കോടതി നിര്‍ദേശം ഗൗനിക്കാതിരുന്ന ഗൂഗിളിനെ ദല്‍ഹി അഡീഷണല്‍ സിവില്‍ കോടതി നേരത്തെ കര്‍ക്കശമായി കൈകാര്യം ചെയ്തിരുന്നു. അഡീഷണല്‍ സിവില്‍ ജഡ്ജി പ്രവീണ്‍ സിങ്ങിന്റെ കര്‍ക്കശ നിലപാടിനെ തുടര്‍ന്ന് പരാതിക്കിടയാക്കിയ ഉള്ളടക്കങ്ങള്‍ മണിക്കൂറുകള്‍ക്കകം ഗൂഗിള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു.

അശ്ലീലം നിറഞ്ഞതും വിദ്വേഷജനകവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 15 ദിവസത്തെ സമയംകൂടി കോടതി അനുവദിക്കുകയും ചെയ്തു. ചിത്രങ്ങളായും വീഡിയോകളായും കുറിപ്പുകളായും പ്രസിദ്ധീകരിച്ച ഇത്തരം ഉള്ളടക്കങ്ങളെല്ലാം 15 ദിവസത്തിനകം നീക്കം ചെയ്യണം.

കഴിഞ്ഞ ഡിസംബര്‍ 20നാണ് മതനിന്ദയുണ്ടാക്കുന്നതും സാമൂഹിക വിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച സോഷ്യല്‍ നെറ്റ് വര്‍ക്ക് വൈബ്‌സൈറ്റുകള്‍ക്ക് കോടതി നോട്ടീസ് അയച്ചത്. ഡിസംബര്‍ 24ന് ഇവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.