Categories

പള്‍സര്‍ അകത്ത് തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുമതി നല്‍കി. ഈ മാസം ആറാം തീയതിയാണ് അച്ഛന്റെ ശ്രാദ്ധം.

രാവിലെ 7 മണി മുതല്‍ 11 വരെ വീട്ടില്‍ ചിലവിടാം എന്നാണ് കോടതി വ്യക്തമാക്കിയത്. ഇന്നു രാവിലെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ദിലീപ് അപേക്ഷനല്‍കിയത്.


Also Read: ‘ഒടുവില്‍ റിലീസ്’; അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപിനു അനുമതി


എന്നാല്‍ ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ടെന്ന് ദിലീപ് അപേക്ഷയില്‍ പറഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ ഇത് തെറ്റാണെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ദിലീപ് അച്ഛന്റെ ശ്രാദ്ധ ദിനത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഈ ദിവസം ദിലീപ് തൃശൂരിലായിരുന്നുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സുനി കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിയിരുന്നതായി സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.