എഡിറ്റര്‍
എഡിറ്റര്‍
ടി.പിവധം: ദേശാഭിമാനിയുടെ നടക്കാന്‍ വയ്യാത്ത യുവാവിനെയും കോടതി കുറ്റക്കാരനായി കണ്ടെത്തി
എഡിറ്റര്‍
Wednesday 22nd January 2014 11:07am

kirmani-manoj

കോഴിക്കോട്:  ദേശാഭിമാനിയുടെ വാര്‍ത്തയിലെ നടക്കാന്‍ വയ്യാത്ത യുവാവിനെയും കോടതി കുറ്റക്കാരനായി കണ്ടെത്തി.

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ആദ്യ ഏഴ് പ്രതികളിലൊരാളായ കിര്‍മാണി മനോജ് ആണ് ദേശാഭിമാനിയുടെ വാര്‍ത്തയില്‍ നടക്കാന്‍ വയ്യാത്ത യുവാവ് ആയി പരാമര്‍ശിച്ചിരുന്നത്.

ശസ്ത്രക്രിയ്യ കഴിഞ്ഞ് പരസഹായമില്ലാതെ നടക്കാന്‍ വയ്യാത്ത യുവാവിനെ ടി.പിവധക്കേസില്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങളുടെ ക്രൂര വിനോദമെന്നായിരുന്നു വാര്‍ത്ത.

വിഴ്ച്ചയില്‍ സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ്യ കഴിഞ്ഞ് മാസങ്ങളായി ചികിത്സ തുടരുന്ന മനോജ് ഒരു മാസത്തിലധികം പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ കഴിയുകയായിരുന്നുവെന്നും ഇതിനിടയിലാണ് മാധ്യമങ്ങള്‍ മനോജിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വാര്‍ത്ത നല്‍കിയതെന്നുമായിരുന്നു വാര്‍ത്ത.

അന്വേഷണ സംഘത്തിന്റെ നിഗമനമെന്ന പേരില്‍ ചില മാധ്യമങ്ങള്‍ നിരപരാധികളെ ക്രൂശിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മനോജെന്നും സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഓരോ ദിവസവും ഇക്കൂട്ടര്‍ പുതിയ കഥകള്‍ മെനക്കുകയാണെന്നും ദേശാഭിമാനി വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.

കിര്‍മാണി മനോജിനെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു ദേശാഭിമാനി ഈ വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ കിര്‍മാണി മനോജിനെ ടി.പിവധത്തില്‍ നേരിട്ടുള്ള പങ്കുള്ള വ്യക്തിയായാണ് കോടതി കണ്ടെത്തിയത്.

ടി.പി വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി ഇന്ന് കണ്ടെത്തിയത്. 2012 മെയ് നാലിനാണ് ടി.പി ചന്ദ്രശേഖരനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വടകരക്കടുത്തുള്ള വള്ളിക്കാട്ട് വച്ച് കൊലപ്പെടുത്തിയത്.

ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

കൊലയാളി സംഘത്തിലെ ഏഴ് പേരെ കൂടാതെ സി.പി.ഐ.എം നേതാക്കളായ പി.കെ.കുഞ്ഞനന്ദന്‍, കെ.സി.രാമചന്ദ്രന്‍,  ട്രൗസര്‍ മനോജ് എന്നിവരേയും പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു.

സി.പി.ഐ.എം നേതാവ് പി. മോഹനന്‍ മാസ്റ്ററെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വിധിക്കുന്നത്.

എരഞ്ഞിപ്പാലം മാറാട് സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.

Advertisement