ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാ റാണി (21) ക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. വിദ്യാറാണിയെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന ചൂണ്ടിക്കാട്ടി ഭര്‍ത്താവ് മരിയ ദീപക്ക (22) നല്‍കിയ ഹോബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ചെന്നൈ വുമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കവെ വിദ്യാറാണി ലയോള കോളേജില്‍ പഠിക്കുകയായിരുന്ന മരിയ ദീപക്കു (22) മായി മാര്‍ച്ച് 30നാണ് വിവാഹിതയായത്. പിന്നീട് ഏപ്രില്‍ 23 ന് കോടമ്പക്കത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് ഇരുവരും ചെന്നൈയില്‍ ഒന്നിച്ച് കഴിഞ്ഞുവരുകയായിരുന്നു. ആഗസ്റ്റ് 25ന് സേലം ജില്ലയിലെ മച്ചേരിയുള്ള വീരപ്പന്റെ സമാധിയില്‍ നടന്ന ഒരുപരിപാടിക്കായി മുത്തുലക്ഷ്മി വിദ്യയെ വിളിച്ചുകൊണ്ടുപോയി. പക്ഷേ, പിന്നീട് വിദ്യാറാണിയെ ചെന്നൈയിലേക്ക് മടക്കിവിട്ടില്ല. ഇതേത്തുടര്‍ന്നാണ് വിദ്യാറാണിയെ നിയമ വിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കയാണ് എന്ന് ആരോപിച്ച് മരിയ ദീപക് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്ക്കു വന്നപ്പോള്‍ വിദ്യയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് സത്യനാരായണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.തുടര്‍ന്ന് പോലീസ് ബുധനാഴ്ച വിദ്യാറാണിയെ കോടതിയില്‍ ഹാജരാക്കി.
ആരോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന കോടതി അന്വേഷിച്ചപ്പോള്‍ തനിക്ക് മരിയ ദീപക്കിനോടൊപ്പം പോകാനാണ് താത്പര്യമെന്ന് വിദ്യാറാണി കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാറാണിയെ ദീപക്കിനോടൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.