ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സി.ബി.ഐ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു കനിമൊഴി ഹൈക്കോടതിയെ സമീപിച്ചത്.

രണ്ടാം തലമുറ സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് കനിമൊഴിയും കലൈജ്ഞര്‍ ടി.വി. എം.ഡി ശരത്കുമാറും നല്‍കിയ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് മെയ് 20നാണ് ഇവരെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഷഹിദ് ബല്‍വയുടെ ഉടമസ്ഥതയിലുള്ള ഡിബി റിയാലിറ്റിയില്‍നിന്നും 200 കോടിരൂപയുടെ പണമിടപാട് കലൈഞ്ജര്‍ ടി.വി നടത്തിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളത്.

ഇതേ കേസില്‍ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനി നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇയാളുടെ ജാമ്യാപേക്ഷയും സി.ബി.ഐ കോടതി തള്ളിയിരുന്നു.

കൈക്കൂലി വാങ്ങല്‍, കോഴവാങ്ങാന്‍ പ്രേരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് കനിമൊഴിക്കും ശരത്കുമാറിനുമെതിരേ ചുമത്തിയിരിക്കുന്നത്.