എഡിറ്റര്‍
എഡിറ്റര്‍
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഹൈക്കോടതി നിരോധിച്ചു
എഡിറ്റര്‍
Friday 28th September 2012 9:39am

കൊച്ചി: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍നായരും കെ.സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

Ads By Google

പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ വി ആര്‍ രാജേഷ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേരളത്തിലെ നദികളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചെന്നും പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ പൊതു ശൗച്യാലയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓരോ വീട്ടിലും കക്കൂസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം വിനോദസഞ്ചാരമേഖലയില്‍ വ്യാപകമാണെന്നും ഇത് വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കോടതി വിലയിരുത്തി. നദികളടക്കമുള്ള കുടിവെള്ളസ്രോതസ്സുകള്‍ മലീമസമാകാനും ഇത് കാരണമാകുന്നു.

തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ കൂടുതലായും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് കടല്‍ത്തീരത്തായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഇത് തടസ്സമാകുന്നു. ഈ മേഖലയിലെ ജനങ്ങളെ തീരപ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ കടല്‍ക്ഷോഭം, സുനാമി ഭീഷണികളില്‍നിന്ന് രക്ഷിക്കാമെന്നും തീരദേശവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്.

2005ല്‍, പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നിരോധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisement