ന്യൂദല്‍ഹി: കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗരേഖ ദല്‍ഹി ഹൈക്കോടതി ശരിവെച്ചു. വിഷയം പഠിച്ച സമിതി കഴിഞ്ഞ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുട്ടികളെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ഉദ്വേഗജനകമായിരിക്കരുതെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

Ads By Google

കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളുടെ തെറ്റായ ഇടപെടല്‍ അവരില്‍ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവും ധാര്‍മികവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അവരുടെ തുടര്‍ന്നുള്ള ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരം കാര്യങ്ങളിലെ മാധ്യമങ്ങളുടെ അശ്രദ്ധ കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ്, നാഷണല്‍ കമ്മീഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ റൈറ്റ്‌സ് അംഗം, എന്‍.ജി.ഒ പ്രതിനിധികള്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോമിനികള്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.

ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നവരും ഒളിച്ചോടുന്നവരും മയക്കുമരുന്നിന് അടിമപ്പെടുന്നവരുമായ കുട്ടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ അവരുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരുടെ ഒരു ഐഡന്റിറ്റിയും ഉള്‍പ്പെടുത്താന്‍ പാടില്ല. ഫോട്ടോഗ്രാഫ്, സ്‌കൂള്‍, താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിവരം, വിലാസം എന്നിവയൊന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ജനുവരിയില്‍ മര്‍ദനത്തിനിരയായ ഒരു കുട്ടിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി കമ്മീഷനെ നിയമിച്ചത്.

സുപ്രീംകോടതി ആക്ടിങ് ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് രാജിവ് സാഹൈ എന്റ്‌ലോ എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മിറ്റിയെ നിയോഗിച്ചത്.