ഇണക്കവും പിണക്കവും നിറഞ്ഞതാണ് കുടുംബജീവിതം. ദമ്പതികള്‍ക്ക് പരസ്പരം ഇണങ്ങാനും പിണങ്ങാനും പ്രത്യേകിച്ച കാരണമൊന്നും തന്നെ ആവശ്യമില്ല. ഒരു കുടുംബത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രശ്‌നമുണ്ടാവാം എന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ ഈ വഴക്കിനും ഒരു സീസണുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
ദമ്പതികള്‍ക്കിടയില്‍ ഏറ്റവുമധികം വഴക്ക് നടക്കുന്നത് ജനുവരി മാസത്തിലാണെന്ന് ബ്രിട്ടനില്‍ നടന്ന ഒരു സര്‍വ്വേയില്‍ നിന്നും വ്യക്തമായത്. ജനുവരിയുടെ പ്രശ്‌നം കാരണം ബ്രിട്ടനിലെ ശരാശരി ദമ്പതികളെല്ലാം ദിവസത്തില്‍ എട്ട് മിനിറ്റെങ്കിലും വഴക്ക് കൂടാന്‍ നീക്കിവെക്കുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ട് ദമ്പതികളും ജനുവരി പ്രശ്‌നം കാരണം വിവാഹബന്ധം വരെ വേര്‍പെടുത്തിയവരാണ്.
ജനുവരിയിലെ മോശം കാലാവസ്ഥയും, സാമ്പത്തിക ഞെരിക്കവുമൊക്കെ കാരണം മിക്കയാളുകളും കൂടുതല്‍ സമയം വീട്ടില്‍ തന്നെ ചിലവഴിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മിക്കയാളുകളും ദിവസത്തില്‍ 15 മണിക്കൂറും വീടിനുള്ളില്‍ തന്നെയാണ്.
ഷീലാസ് വീല്‍സ് ഹോം ഇന്‍ഷുറന്‍സാണ് ഇത് സംബന്ധിച്ച സര്‍വ്വേ നടത്തിയത്. 1000 ബ്രിട്ടീഷ് ദമ്പതികളെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 25 വയസില്‍ താഴെയുള്ള ഭൂരിപക്ഷം ആളുകളും പറഞ്ഞത് ജനുവരിയാണ് വര്‍ഷത്തില്‍ ഏറ്റവും മോശം മാസമെന്നാണ്.
സൂര്യപ്രകാശത്തിന്റെ അഭാവം ക്ഷീണം തോന്നാന്‍ ഇടയാക്കുമെന്ന് സൈക്കോളജിസ്റ്റ് ഡോണ്ണ ഡൗസണ്‍ പറയുന്നു. കൂടാതെ വ്യായാമത്തിന്റെ അഭാവവും ശരീരത്തെ മോശമായി ബാധിക്കും. ഇതിന്റെയൊപ്പം സാമ്പത്തിക ബുദ്ധിമുട്ട് കൂടിയാകുമ്പോള്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാന്‍ വേറെയൊന്നും ആവശ്യമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
