ഓച്ചിറ: ഗള്‍ഫ് യാത്രയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഏറണാകുളത്ത് പോകവെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദമ്പതികളില്‍ യുവാവിന്റെ (34) മൃതദേഹം കാറില്‍ നിന്നും കണ്ടെത്തി. ഓച്ചിറ പ്രയാര്‍ തെക്ക് ആലുംപീടിക കറുത്തറയില്‍ മണിരാജിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. തോപ്പള്ളിയില്‍ പല്ലനയാറ്റിന് കുറുകെയുള്ള ചെറിയ പാലത്തിന് താഴെയാണ് കാര്‍ കണ്ടത്.

മണിരാജിന്റെ ഭാര്യ നിഷ (30)യുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ തൃക്കുന്നിപ്പുഴയില്‍ ഒഴുകി നടക്കുന്നത് നിലയില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മണിരാജിന്റെ കാറില്‍ ഇവര്‍ എറണാകുളത്തേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മണിരാജ് വെള്ളിയാഴ്ച കുടുംബത്തെയും കൂട്ടി ഗള്‍ഫിലേക്ക് മടങ്ങിപോകാനിരിക്കുകയായിരുന്നു.

വ്യാഴാഴ്ച വീട്ടില്‍നിന്ന് പുറപ്പെട്ടശേഷം രാത്രി 10മണിയോടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഏറണാകുളത്തുനിന്നും തിരിച്ച് ചേര്‍ത്തലയിലെത്തി എന്നാണ് അറിയിച്ചിരുന്നത്. രാത്രിവൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാതിരുന്നതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.