എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാദൗത്യത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി
എഡിറ്റര്‍
Sunday 3rd November 2013 6:50pm

mangalyan

ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാദൗത്യമായ മംഗള്‍യാന് കൗണ്ട് ഡൗണ്‍ തുടങ്ങി. അന്‍പത്തിയാറര മണിക്കൂറാണ് കൗണ്ട് ഡൗണ്‍ സമയം.

ഞായറാഴ്ച രാവിലെ 6.08-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.

‘മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ 6.08-ന് തന്നെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ മികച്ച നിലയില്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍.’ ഐ.എസ്.ആര്‍.ഒ വക്താവ് പറയുന്നു.

ആദ്യമായാണ് ഇന്ത്യ മറ്റൊരു ഗ്രഹത്തെക്കുറിച്ച് പഠനത്തിനൊരുങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്ഷേപണവാഹനമായ പി.എസ്.എല്‍.വി സി25 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഉപയോഗിക്കുന്നത്.

ശ്രീഹരിക്കോട്ടയില്‍ നിന്നും അഞ്ചാം തീയതി വൈകിട്ട് 2.38-ന് ആണ് വിക്ഷേപണം.

വിക്ഷേപണത്തിന് മുന്നോടിയായി ഈ മാസം ഒന്നിന് നടത്തിയ റിഹേഴ്‌സല്‍ വിജയമായിരുന്നു.

വിക്ഷേപണത്തിന് ശേഷം 20 മുതല്‍ 25 ദിവസം വരെ ഉപഗ്രഹം ഭൂമിയെ ഭ്രമണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്‍പത് മാസത്തിന് ശേഷമായിരിക്കും ഇത് ചുവന്ന ഗ്രഹത്തിലെത്തിച്ചേരുക. 2014 സെപ്റ്റംബര്‍ 24-ന് ചൊവ്വയില്‍ എത്തിച്ചേരും.

450 കോടി രൂപ ചിലവുള്ള ഈ വിക്ഷേപണം വിജയിച്ചാല്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യുറോപ്പിനും ശേഷം വിജയകരമായി ചൊവ്വാദൗത്യത്തില്‍ ഏര്‍പ്പെടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, അമേരിക്കയുടെ നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ് എന്നിവ മാത്രമാണ് ഇതിന് മുമ്പ് ചൊവ്വാദൗത്യത്തില്‍ വിജയിച്ചിട്ടുള്ളത്.

ഇതുവരെ 51 ചൊവ്വാ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 21 എണ്ണം മാത്രമേ വിജയിച്ചിട്ടുള്ളു.

Advertisement