എഡിറ്റര്‍
എഡിറ്റര്‍
അഭിഭാഷകന് പരാതി: റാഡിയ കേസ് കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി
എഡിറ്റര്‍
Thursday 14th November 2013 7:52am

supreme-court-new-2

ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിയെ അഭിഭാഷകന്‍ എതിര്‍ക്കുക എന്ന അപൂര്‍വസംഭവത്തെ തുടര്‍ന്ന് രത്തന്‍ ടാറ്റ- നീരാ റാഡിയ ടേപ്പ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.

മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാനാണ് ജസ്റ്റിസ് ജി. എസ് സിങ്‌വി അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്.

തുടര്‍ന്ന് വിചാരണ കേള്‍ക്കാന്‍ താന്‍ തയ്യാറല്ലെന്നും കേസ് മറ്റൊരു ബഞ്ചിന് കൈമാറണമെന്നും ജഡ്ജി പറഞ്ഞു. ജസ്റ്റിസ് സിങ്‌വി അടുത്ത മാസം വിരമിക്കാനിരിക്കുകയാണ്.

ജഡ്ജിയുടെ പിന്മാറ്റം തികച്ചും ഏകപക്ഷീയവും ന്യായരഹിതവുമാണെന്ന് രാജീവ് ധവാന്‍ പറഞ്ഞു. ഇത് നിയമത്തിന്റെ നടത്തിപ്പിനെ ബാധിക്കും.

ഡിസംബര്‍ രണ്ടിലേയ്ക്ക് കേസ് മാറ്റി വയ്ക്കാന്‍ ബഞ്ച് തീരുമാനിച്ചതിന് ശേഷമാണ് കോടതിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. എന്‍.ജി.ഒയായ സി.പി.ഐ.എല്‍ സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനും സി.ബി.ഐയ്ക്കും രത്തന്‍ ടാറ്റയ്ക്കും നിര്‍ദ്ദേശം നല്‍കിയതിന് ശേഷമാണ് കേസ് മാറ്റി വെയ്ക്കാന്‍ തീരുമാനമായത്.

റാഡിയ ടേപ്പുകള്‍ പരിശോധിച്ചതിന് ശേഷം എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ചില ബിസിനസ് ഇടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എല്‍ കോടതിയെ സമീപിച്ചത്.

ടാറ്റയുടെ എതിര്‍ കക്ഷിയായ ഓപ്പണ്‍ മാഗസിന് വേണ്ടിയാണ് ധവാന്‍ ഹാജരായത്. കോര്‍പ്പറേറ്റ് ഇടനിലക്കാരിയായിരുന്ന നീരാ റാഡിയയും വ്യവസായികളും മറ്റ് ചില പ്രമുഖരുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഈ മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. അക്കാരണത്താല്‍ മാഗസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടാറ്റ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ടാറ്റയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വാദം അവസാനിപ്പിച്ചിരുന്നു.

തുടര്‍ന്ന് കേസ് നീട്ടിവെയ്ക്കാന്‍ ബെഞ്ച് തീരുമാനിച്ചു. എന്നാല്‍ ഇതിനെ ധവാന്‍ എതിര്‍ക്കുകയായിരുന്നു. എസ്.എഫ്.ഐ.ഒയുടെ റിപ്പോര്‍ട്ടും മാധ്യമസ്വാതന്ത്ര്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രണ്ടും വ്യത്യസ്തങ്ങളായ കേസുകളാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചത്.

‘സി.പി.ഐ.എല്ലിന്റെ ഹരജി തികച്ചും വ്യത്യസ്തമാണ്. അഇതും ടാറ്റാ കേസുമായി യാതൊരു ബന്ധവുമില്ല. മാതൃകാപരമായ പിഴ ചുമത്തി ടാറ്റയുടെ പരാതി തള്ളണം. കഴിഞ്ഞ രണ്ട് ദിവസമായി കേസ് വാദിക്കാനായി ഞാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ കേസ് എപ്പോഴും മാറ്റിവെയ്ക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

‘ഹരജിയിലെ അപേക്ഷകള്‍ക്ക് ബന്ധമുള്ളതിനാല്‍ ഇത് രണ്ടും വ്യത്യസ്തമായ കേസുകളല്ല. ഒരു സംഭാഷണവും പുറത്തു വിടരുതെന്നാണ് ടാറ്റയുടെ ആവശ്യം. എന്നാല്‍ എല്ലാ സംഭാഷണങ്ങളും പൊതുസമൂഹം അറിയണമെന്നാണ് സി.പി.ഐ.എല്ലിന്റെ ആവശ്യം.’ കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാദം തുടരണമെന്ന് ധവാന്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും കോടതി അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞു.’ ഇത് വളരെ നിര്‍ഭാഗ്യകരവും നീതിരഹിതവുമാണ്. ടാറ്റ തന്റെ വാദങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അവസരം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്.’

എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന കോടതി അടുത്ത കേസ് വിളിച്ചു. ‘വളരെ നല്ലത്’ എന്ന് മാത്രമാണ് ജസ്റ്റിസ് സിങ്‌വി പറഞ്ഞത്.

‘വളരെ നല്ലത് എന്ന് നമുക്ക് പറയാം. എന്നാല്‍ ഇത് തികച്ചും ഏകപക്ഷീയവും ന്യായരഹിതവുമാണ്. അങ്ങ് വിരമിക്കാറായ സാഹചര്യത്തില്‍ പറയാന്‍ പാടില്ല. എങ്കിലും എന്റെ വാദം കേള്‍ക്കാതിരിക്കാന്‍ കോടതി മനസ്സ് തീരുമാനിച്ചത് നിര്‍ഭാഗ്യകരമാണ്.’ ധവാന്‍ പറഞ്ഞു.

വ്യവസ്ഥിതിയെ കുറിച്ച് ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നാണ് ഈ കേസ് കേള്‍ക്കാന്‍ താന്‍ തയ്യാറല്ലെന്ന് ജസ്റ്റിസ് സിങ്‌വി പറഞ്ഞത്. ‘എല്ലാ അഭിഭാഷകര്‍ക്കും കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഈ കേസിന്റെ തുടര്‍വിചാരണ കേള്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കും.’

ഹരീഷ് സാല്‍വെയും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ എ.എസ്.ജി പരസ് ഖുഹാദും ചേര്‍ന്ന് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ‘സംസ്‌കാരം ആരെയും പഠിപ്പിക്കാനാവില്ല’ എന്ന് ജസ്റ്റിസ് പ്രതികരിച്ചു. തുടര്‍ന്ന് ധവാന്‍ കോടതിമുറിയില്‍ നിന്ന് പുറത്തേയ്ക്ക് പോയി.

Advertisement