ന്യൂദല്‍ഹി: തന്റെ പ്രസംഗത്തിലൂടെ ദല്‍ഹി ജനതയെ ഒന്നടങ്കം കയ്യിലെടുത്ത ആളാണ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ഐ.ഐ.ടിയില്‍ പഠിക്കുന്ന കാലത്ത് മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും മടിയുള്ള ഒരാളായിരുന്നു താനെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. സംസാരിക്കാന്‍ മടിച്ചതിന്റെ കാരണം മറ്റൊന്നുമല്ല, ഇംഗ്ലീഷ് അറിയില്ലെന്ന അപകര്‍ഷതാ ബോധം. ഒരു പ്ലസ് ടു വിദ്യാര്‍ഥിനിക്കു മുമ്പിലാണ് കെജ്‌രിവാള്‍ തന്റെ ഓര്‍മ്മകളുടെ കെട്ടഴിച്ചത്.

Subscribe Us:

പത്താം ക്ലാസിന് ശേഷം മൂന്ന് മാസത്തെ അവധിക്ക് സ്‌കൂളുകളില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും സംഘടിപ്പിച്ചുകൂടെ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി ശിവാനിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കെജ്‌രിവാള്‍ തന്റെ പഴയ കഥ വിവരിച്ചത്.


Must Read: ‘ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്’ സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം 


‘ഞാന്‍ ഹിസാറിലാണ് പഠിച്ചത്. എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല. ഖരാഗ്പുര്‍ ഐ.ഐ.ടിയില്‍ പോയപ്പോള്‍ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നു. അന്നെനിക്ക് അപകര്‍ഷതാബോധം തോന്നിയിരുന്നു.’ അദ്ദേഹം പറഞ്ഞു.

ശിവാനിയുടെ നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന് കെജ്രിവാള്‍ സിസോദിയയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്‌കോളര്‍ഷിപ്പുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

എഞ്ചിനിയര്‍ പഠനത്തിനുള്ള പ്രതിസന്ധികളും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു. ഇതിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞ ശേഷം തിരിച്ചടക്കാവുന്ന രീതിയില്‍ വിദ്യാഭ്യാസ വായ്പ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


Must Read: ഒരു കൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്ന അവസ്ഥ പാടില്ല; നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍ 


അതേ സമയം വിദ്യാര്‍ത്ഥികളോട് പുസ്തകത്തില്‍ മാത്രം ഒതുങ്ങിക്കൂടരുതെന്നും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും പങ്കുചേരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മാര്‍ക്കുകളെ കുറിച്ച് പേടിക്കേണ്ടതില്ലെന്നും ജോലിയെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലി കിട്ടിയ ശേഷം രാജ്യത്തെ മറക്കരുതെന്നും രാജ്യത്തിന്റെ ഭാവി നിങ്ങളുടെ കയ്യിലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.