കൊച്ചി: മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം.

ജുഡീഷ്യറിക്കെതിരായ ആരോപണങ്ങള്‍ നിയമസംവിധാനത്തിന് തന്നെ വെല്ലുവിളിയാണ്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നുവന്നാല്‍ ജഡ്ജിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി

ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നല്‍കും. റിട്ട. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതില്‍ നിയമതടസമൊന്നുമില്ലെന്നും അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചു.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുന്നതിനായി രണ്ടു ജഡ്ജിമാര്‍ കൊഴവാങ്ങിയെന്ന് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തിലുള്ള  വാര്‍ത്തകളോട് പ്രതികരിക്കുകായിരുന്നു കോടതി.