ന്യൂദല്‍ഹി: അഴിമതി ഗുരുതരമായ വെല്ലുവിളായായിരിക്കയാണെന്നും ഇത് പ്രതിരോധ വിഭാഗത്തിന്റെ ആത്മവീര്യം കെടുത്തിയെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി. സത്യസന്ധമായും, സുതാര്യമായും പ്രവര്‍ത്തിക്കുമെന്ന് സൈനികര്‍ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads By Google

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സായുധ സേനയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരായ യുദ്ധത്തിനിടയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അദ്ദേഹം സേനയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് സൈന്യത്തിന്റെ പ്രതിഛായയ്ക്ക് കളങ്കമുണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സായുധസേനയുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും, കഴിവും അച്ചടക്കവും പ്രശസ്തമാണ്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയെന്നത് സേനയിലെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദം വന്‍വെല്ലുവിളിയായി നിലനില്‍ക്കുകയാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആന്റണി പറഞ്ഞു.

ലണ്ടന്‍ ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ വെള്ളിമെഡല്‍ നേടിയ സുബേദാര്‍ വിജയ്കുമാറിനെ ആന്റണി അഭിനന്ദിച്ചു.