തൃശൂര്‍: രാജ്യത്ത് മാധ്യമരംഗത്തുണ്ടായ കോര്‍പറേറ്റ് വത്കരണം സ്ത്രീകളെ വില്‍പ്പനചരക്കാക്കുന്ന പ്രവണതക്ക് ആക്കം കൂട്ടുകയാണ് ചെയ്തതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. ഇന്ത്യന്‍ മാധ്യമങ്ങളിലെ വനിതകള്‍ ജാതിവര്‍ഗലിംഗ വിവേചനം ശക്തമായി നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തൃശൂരില്‍ സംഘടിപ്പിച്ച സംസ്ഥാനതല മാധ്യമ ശില്‍പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീയുടെ ലൈംഗികതയെ വില്പനച്ചരക്കാക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. സുന്ദരികളും യുവതികളുമായ വനിതകളെ വാര്‍ത്തകള്‍ നന്നായി വില്‍ക്കുവാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളും വിനോദ വ്യവസായവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെകാലമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോക വനിതാദിനം അവതരിപ്പിക്കുന്ന രീതി ശ്രദ്ധേയമാണ്. സാധാരണ തൊഴിലാളി സ്ത്രീക്ക് പകരം കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ വനിതാ ബിസിനസ് ചീഫിനെയും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന് സ്ത്രീകളെയുമാണ് അവര്‍ അവതരിപ്പിക്കുന്നത്.

വനിതകളുടെ തൊഴിലിന് രാജ്യത്ത് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല. സ്വത്തുക്കളിലും വസ്തുക്കളിലുമുള്ള അവകാശങ്ങള്‍ അവര്‍ക്ക നിഷേധിക്കപ്പെടുകയാണ്. തന്മൂലം സമൂഹത്തില്‍ യഥാര്‍ത്ഥത്തിലുള്ള പദവി അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക കഴിയുന്നില്ലെന്നും സായ്‌നാഫ് പറഞ്ഞു. 1995നും 2010നുമിടയില്‍ സ്ത്രീകളടക്കം രണ്ടരലക്ഷത്തോളം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. എന്നാല്‍ ദേശീയതലത്തിലുള്ള കര്‍ഷക ആത്മഹത്യാ പട്ടികയില്‍ ഈ സ്ത്രീകളൊന്നും തന്നെ ഇടം പിടിച്ചില്ല. കാരണം അവര്‍ക്ക് സ്വന്തമായി സ്വത്തുക്കളും വസ്തുവകകളും ഇല്ലായിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നല്‍കുന്ന കൂലിയില്‍ ഇപ്പോഴും വലിയ അന്തരമുണ്ട്. എന്തിനേറെപറയുന്നു, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ ് പദ്ദതിയില്‍പ്പോലും ഈ കൂലി വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യ ലഘൂകരണത്തിന് കരളത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കഴിഞ്ഞ 18 വര്‍ഷത്തിനിടക്ക് രാജ്യത്ത് ദാരിദ്ര്യ ലഘൂകരണത്തിന് സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന മാതൃകാപരമായ പ്രസ്ഥാനം കേരളത്തിന്റെ കുടുംബശ്രീയാണ്. എന്നാല്‍ ഇക്കാര്യം മനസ്സിലായിട്ടും കേരളത്തിനുപുറത്തെ മാധ്യമങ്ങള്‍ അറിഞ്ഞഭാവം നടിച്ചില്ല. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. ടി.എന്‍. സീമ എം.പി ,സി. രവീന്ദ്രനാഥ് എം.എല്‍.എ എന്നിവര്‍സംബന്ധിച്ചു.