ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയെ സി.ബി.ഐ ചോദ്യംചെയ്തു. ദല്‍ഹിയിലെ ഛത്തര്‍പൂരിലുള്ള റാഡിയയുടെ വസതിയില്‍വെച്ചാണ് ചോദ്യംചെയ്തത്.

നേരത്തേ ചോദ്യംചെയ്യലിനായി സി.ബി.ഐ ഓഫീസില്‍ ഹാജരാകാന്‍ നീരാ റാഡിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലത്ത് മധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യംമൂലം ചോദ്യംചെയ്യുന്നത് റാഡിയയുടെ ഔട്ട്ഹൗസിലേക്ക് മാറ്റുകയായിരുന്നു. ചോദ്യംചെയ്യലിനായി ട്രായ് മുന്‍ ചെയര്‍മാന്‍ പ്രദീപ് ബൈജലിനും സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നു.

അതിനിടെ സി.ബി.ഐയുടെ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് എ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌പെക്ട്രം വിതരണം നിയമാനുസൃതമായിരുന്നു എന്നും 1.76 ലക്ഷംകോടി നഷ്ടമുണ്ടാക്കി എന്നത് ഊതിവീര്‍പ്പിച്ച കണക്കാണെന്നും രാജ ആരോപിച്ചിരുന്നു.