നടി ദീപിക പദുക്കോണിന്റെ ഗൃഹപ്രവേശ ചടങ്ങിലെ കോലാഹലങ്ങള്‍ പോലീസ് കേസ് വരെയെത്തി. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദീപികയുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് പാരയായത്. ഇവരെല്ലാം ഒത്തുകൂടിയപ്പോഴത്തെ ശബ്ദകോലാഹലങ്ങള്‍ അസഹ്യമായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിനല്‍കുകയായിരുന്നു.

ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം. പാര്‍ട്ടി പുലര്‍ച്ചെവരെ നീണ്ടു. ഫ്‌ളാറ്റില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചതിനും, കോലാഹലങ്ങള്‍ ഉണ്ടാക്കിയതിനും എതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിലെത്തി.

Subscribe Us:

പുലര്‍ച്ചെ മൂന്നരയോടെ പാട്ടും പടയുംകേട്ടെത്തിയ പൊലീസ് സംഘം ഇരുപത്തിയാറാം നിലയിലുള്ള ദീപികയുടെ ഫല്‍റ്റില്‍ കയറി വിശദീകരണം ചോദിക്കുകയായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞ് മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ ബഹളവുമുണ്ടാക്കിയതിന്റെ പേരില്‍ താരത്തിന് പിഴയിട്ടിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ആരെയും നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറയുന്നു. പുറത്ത് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു ഗെയ്റ്റ് വഴിയാണ് പോലീസ് തിരികെ പോയത്.

പൊലീസ് വന്ന് പരിശോധന നടത്തിയതിന് പിന്നാലെ ചടങ്ങിലുണ്ടായിരുന്ന നടന്‍ ഇമ്രാന്‍ ഖാന്‍ ഭാര്യ അവന്തിക, മദ്യരാജാവ് വിജയ് മല്യ, നടന്മാരായ അഭയ് ഡിയോള്‍, പ്രീതി ദേശായ് തുടങ്ങിയവരെല്ലാം പുറത്തുപോയി.

അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, സിദ്ദാര്‍ഥ് മല്യ, ഷാഹിദ് കപൂര്‍, അനുഷ്‌ക ശര്‍മ്മ, റിതേഷ് ദേശ്മുഖ്, രണ്‍വീര്‍ സിങ്, ജെനീലിയ ഡിസൂസ തുടങ്ങിയവരെല്ലാം ദീപികയുടെ ഗൃഹപ്രവേശ വിരുന്നിനെത്തിയിരുന്നു. ചടങ്ങില്‍ ഏറ്റവും മുതിര്‍ന്ന അതിഥിയായിരുന്നു താനെന്ന് ബച്ചന്‍ ഇതിന് പിന്നാലെ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.