കൊച്ചി: കൊച്ചി മെട്രോയുടെ കരാര്‍ പൂര്‍ണമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പിച്ചാല്‍ പദ്ധതിയുമായി സഹകരിക്കുമെന്ന് ഡി.എം.ആര്‍.സി എംഡി ഇ.ശ്രീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

മെട്രോ ചുമതല ഡി.എം.ആര്‍.സി.ക്ക് നല്‍കിയാല്‍ വിരമിച്ചശേഷവും താന്‍ പദ്ധതിയുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.ആര്‍.സിയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കി ശ്രീധരന്‍ ഇന്ന് വിരമിക്കുകയാണ്.

ശ്രീധരന്‍ ഡി.എം.ആര്‍.സി.യില്‍ തുടരുകയാണെങ്കില്‍ കൊച്ചി മെട്രോ പദ്ധതി അവരെ ഏല്‍പ്പിക്കാന്‍ തയാറാണെന്ന് സംസ്ഥാനത്തെ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഒഴിവാക്കാനുള്ള ആലോചന സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുകയാണ്. ഇതേത്തുടര്‍ന്ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ അടിസ്ഥാന വികസന ജോലികളില്‍നിന്നു ഡി.എം.ആര്‍.സി പിന്‍മാറിതുടങ്ങിയിരുന്നു.

ആഗോള ടെന്‍ഡറിലൂടെയേ പദ്ധതി നടപ്പിലാക്കൂവെന്നു പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കിയതോടെയാണു കൊച്ചി മെട്രോയ്ക്ക് ഇ. ശ്രീധരന്റെയും ഡി.എം.ആര്‍.സിയുടെയും സേവനമുണ്ടാകില്ലെന്നുറപ്പായത്.

മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഇപ്പോള്‍ കൊച്ചിയില്‍ ചെയ്തുവരുന്ന അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ പ്രൊജക്ട് മാനേജര്‍ പി. ശ്രീറാമിനെ ഇ. ശ്രീധരന്‍ അറിയിച്ചു. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കേണ്ടെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീധരന്റെ സേവനം അനിവാര്യമാണെന്നും കൊച്ചി ഓഫീസ് പൂട്ടിയെന്ന വാര്‍ത്ത ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ശ്രീധരന്റെ സേവനം കൊച്ചി മെട്രോയ്ക്ക് ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേന്ദ്രമന്ത്രി കെ.വി. തോമസും സംസ്ഥാന മന്ത്രി ആര്യാടന്‍ മുഹമ്മദും.

Malayalam News

Kerala News In English