ആലുവ: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ആലുവ സബ് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നെന്ന് ജയില്‍ സൂപ്രണ്ടിന് പരാതി ലഭിച്ചു. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജയിലിന് പുറത്ത് ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും ദിലീപിനെ കാണാന്‍ നിരവധി പേരാണ് അവധി ദിവസങ്ങളിലെത്തിയതെന്ന് ആലുവ സ്വദേശിയായ ടി.ജെ ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.


Also Read: ഗോ സംരക്ഷകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി


ദിലീപ് രാവിലെ മുതല്‍ രാത്രി ഏറെ വൈകുന്നത് വരെ ജയില്‍ സൂപ്രണ്ടിന്റെ എ.സി മുറിയിലാണ് കഴിയുന്നതെന്നും ജയിലിന് പുറത്ത് അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും ഓണത്തിന്റെ അവധി ദിനങ്ങളില്‍ നിരവധി പേരാണ് ജയിലെത്തിയതെന്നുമാണ് ഗിരീഷ് പരാതിയില്‍ പറയുന്നത്.

സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ട് ബന്ധപ്പെട്ടവരാണെന്നും ഇവര്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ന്ദര്‍ശകരെ അനുവദിച്ചതില്‍ തെറ്റില്ലെന്നും പ്രത്യേക പരിഗണനകള്‍ ലഭിക്കുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് പി.പി ബാബുരാജ് പറഞ്ഞു.


Dont Miss: എന്റെ മനസാക്ഷിയെ എനിക്ക് അവഗണിക്കാനാവുന്നില്ല; കശ്മീരിലെ അതിക്രമങ്ങളില്‍ മനംമടുത്ത് പോലീസ് ജോലി രാജി വെച്ച യൂവാവിന്റെ വീഡിയോ വൈറലാകുന്നു.


‘തടവുകാരെ കാണാന്‍ ദിവസം രണ്ടോ മൂന്നോ ആളുകളെക്കാള്‍ കൂടുതല്‍ അനുവദിക്കാറില്ല. എന്നാല്‍ ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ജയില്‍ ചട്ടങ്ങളില്‍ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോര്‍ഡ് വെച്ചിരിക്കുന്നത്. അതു കര്‍ശനമായി നിരോധിക്കണമെന്ന് നിയമമില്ല’ അദ്ദേഹം പറയുന്നു.