ലാപ്ലാറ്റ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ അര്‍ജന്റീനക്ക് സമനില. ബൊളീവിയയാണ് 14 വട്ടം ചാംപ്യന്‍മാരായ അര്‍ജന്റീനയെ 1-1 ന് സമനിലയില്‍ തളച്ചത്. 47 ാം മിനിറ്റില്‍ ബൊളീവയയുടെ എഡ്വാര്‍ഡോ റോജസ് ബോളീവിയയ്ക്കു വേണ്ടി ആദ്യഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്കു വേണ്ടി സെര്‍ജിയോ അഗ്വേരോ 75ാം മിനിറ്റില്‍ ഗോള്‍ മടക്കി.

കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരുടീമിനുമായില്ല. പരുക്കന്‍ കളിയേറെ കണ്ട ആദ്യപകുതിയില്‍ മോധാവിത്വം അര്‍ജന്റീനക്കായിരുന്നു. ടെവസും മെസിയും ചേര്‍ന്ന കൂട്ട്‌കെട്ട് എതിര്‍ പ്രതിരോധനിരക്ക് നിരന്തരം ഭീക്ഷണിയുയര്‍ത്തി. 25 ാം മിനിട്ടില്‍ കിട്ടിയ നല്ലൊരവസരം ഗോളാക്കാന്‍ അര്‍ജന്റീനക്കായില്ല. തുടര്‍ന്ന ടെവസും മെസിയും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ടെവസിന്റെ കനത്ത ഷോട്ട് വലത് പോസറ്റിന് തൊട്ടുരുമ്മി പുറത്ത് പോയി.

ഇടവേളക്ക് ശേഷം കളി തുടങ്ങി മൂന്നാം മിനിറ്റിന്‍ തന്നെ അര്‍ജന്റീനന്‍ ആരാധകരെ ഞെട്ടിച്ച് എഡ്വാര്‍ഡോ റോജസ് ബൊളീവിയയ്ക്കു വേണ്ടി ആദ്യഗോള്‍ നേടി. അര്‍ജന്റീനയുടെ മൂര്‍ച്ചകുറഞ്ഞ പ്രതിരോധനിരയെ മുതലെടുത്തായിരുന്നു റോജസിന്റെ ഗോള്‍. കോര്‍ണര്‍കിക്കില്‍ നിന്നും വന്ന ബോള്‍ എഡ്വാര്‍ഡ് പോസ്റ്റിലേക്ക് തെടുത്ത് വിട്ടത് സ്വന്തം കളിക്കാരന്റെ കാലില്‍ തട്ടി അര്‍ജന്റീനന്‍ പോസ്റ്റില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ലീഡുയര്‍ത്താന്‍ ബൊളീവിയ കൂടുതല്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കളിതീരാന്‍ 15 മിനിട്ട് ശേഷിക്കെ മറഡോണയുടെ അനന്തിരവന്‍ സെര്‍ജിയോ അഗ്വേരോ അര്‍ജന്റീനക്കായി ഗോള്‍ മടക്കി. ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് ഇത്തവണയും രാജ്യത്തിനായി മികച്ച പ്രകടനം നടത്താനായില്ല. .