റോസ്ബൗള്‍: തോല്‍വി ഇന്ത്യന്‍ ടീമിനെ വിട്ടൊഴിയുന്നില്ല. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയും ഇന്ത്യ തോല്‍വിയോടെ തുടങ്ങി. മഴ കാരണം 23 ഓവറാക്കി ചുരുക്കിയ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് നേടിയ അര്‍ദ്ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു.

കുക്കിനെ കൂടാതെ ഓപ്പണര്‍ കിസ് വെട്ടര്‍(46), ഇയാന്‍ ബെല്‍(25), രവി ബൊപ്പാര(24) എന്നിവരും ഇംഗ്ലണ്ട്് നിരയില്‍ തിളങ്ങി. 63 പന്തില്‍ അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 80 റണ്‍സെടുത്ത്് പുറത്താകാതെ നിന്ന കുക്ക് തന്നെയാണ് കളിയിലെ കേമന്‍.

നേരത്തെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗനയച്ചു. ആദ്യ ഏകദിനത്തിലെ പോലെ മഴ വില്ലനായപ്പോള്‍ മത്സരം തുടങ്ങാന്‍ ഏറെ വൈകി. തുടര്‍ന്ന് 23 ഓവറാക്കി ചുരുക്കി ആരംഭിച്ച മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പാര്‍ത്ഥിവ് പട്ടേലും(28), അചിങ്ക്യ രഹാനെയും(54)നല്‍കിയത്.

തന്റ രണ്ടാമത്തെ ഏകദിന മത്സരത്തില്‍ തന്നെ രഹാനെ ആദ്യ അര്‍ദ്ധ സെഞ്ചുറി കണ്ടെത്തി. പട്ടേല്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയ ദ്രാവിഡും(32) മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാമനായെത്തിയ റെയ്‌നയും(40) ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനായി ബ്രസ്‌നെനും സ്വാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ഏകദിനങ്ങളടങ്ങിയ മത്സരത്തില്‍ ഇതോടെ ഇംഗണ്ട് 1-0ന് മുന്നിലെത്തി. ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.