ബര്‍മിങ്ങാം: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ലീഡിലേക്ക് നീങ്ങുന്നു. ര്ണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 446 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 224 റണ്‍സിനു അവസാനിപ്പിച്ച ഇംഗണ്ടിന് ഇതോടെ 232 റണ്‍സിന്റെ ലീഡായി.

പരമ്പരയില്‍ ഇതുവരെ ഫോമിലേക്കുയരാതിരുന്ന ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ ഉജ്വല സെഞ്ചുറി(182 ബാറ്റിങ്) യാണ് വന്‍ സ്‌കോര്‍ കണ്ടെത്തുന്നതിന് ഇംഗ്ലണ്ടിനെ സഹായിച്ചത്.

ഇന്ത്യന്‍ ബൗളര്‍മാരെ നിക്ഷ്പ്രയാസം നേരിട്ട കുക്ക് തന്റെ ടെസ്റ്റിലെ 19-ാം സെഞ്ചുറിയാണ് കണ്ടെത്തിയത്. 339 പന്തില്‍ 26 ഫോറുകളുടെ അകമ്പടിയോടെയാണ് കുക്ക് 182 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസുമൊത്ത്(87) ഒന്നാം വിക്കറ്റില്‍ 186 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്ത കുക്ക് ഇയാന്‍ ബെല്ലിനോടൊപ്പം(34) 66 റണ്‍സും പീറ്റേഴ്‌സണോടൊപ്പം (63) 122 റണ്‍സും ഇംഗ്ലണ്ട് ഇന്നിംഗ്‌സിനോട് കൂട്ടിചേര്‍ത്തു. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ കുക്കിനോടൊപ്പം 44 റണ്‍സെടുത്ത ഇയാന്‍ മോര്‍ഗന്‍ ആണ് ക്രീസില്‍.

ടെസ്റ്റിനു ഇനിയും മൂന്നു ദിവസം ബാക്കി നില്‍ക്കെ ജയവും അതിലൂടെ ടെസ്റ്റിലെ ഒന്നാം റാങ്ക് താല്‍ക്കാലികമായെങ്കിലും നിലനിര്‍ത്താമെന്ന ഇന്ത്യയുടെ മോഹവും ഏറെക്കുറെ അസ്തമിച്ച മട്ടാണ്. ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞത് പോലെ അത്ഭുതങ്ങല്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഇന്നിംഗസ് തോല്‍വി ഒഴിവാക്കാനാവൂ.