ലണ്ടന്‍: ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം തെറ്റാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്്. പാക്കിസ്താന്റെ ഇംഗ്ലണ്ട് പര്യാടനത്തിനിടക്ക് ഇംഗ്ലീഷ് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും പന്തില്‍ കൃത്രിമം കാണിക്കുന്നത് താന്‍ നേരിട്ട് കണ്ടിരുന്നെന്ന് പാക് താരം ഉമര്‍ ഗുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഞങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചിട്ടില്ല. ഇനി ഇക്കാര്യത്തില്‍ ഗുല്ലിന് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിക്കുകയാണ് വേണ്ടത്’. ഇന്ത്യന്‍ പര്യാടനത്തിനായി യാത്ര തിരിക്കും മുമ്പെ ബ്രിട്ടീഷ് ദിനപത്രമായി ഡെയ്‌ലി ടെലഗ്രാഫിനോടായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു.

ഇന്ത്യയില്‍ വച്ച് ഇന്ത്യയെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ അതിന് സാധിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കുക്ക് പറഞ്ഞു. ഇന്ത്യക്കെതിരെ അഞ്ച് ഏകദിനങ്ങളും ഒരു ടി-20യുമാണ് ഇംഗ്ലണ്ട് കളിക്കുക. ഒക്ടോബര്‍ പതിനാലിന് ഹൈദരാബാദിലാണ് ആദ്യ ഏകദിനം.