കൊല്ലം: അമൃതാനന്ദമയി മഠത്തിനെതിരെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങക്കിടയില്‍ മഠത്തിനെതിരെ വീണ്ടും വിവാദം.

വളളിക്കാവിലെ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാണിച്ച് പരാതി നല്‍കിയ സി.പി.ഐ.എം പ്രാദേശിക നേതാവ് വി.വിജേഷിനെ സ്വാധീനിക്കാന്‍ മഠം ശ്രമം നടത്തിയെന്നാണ് പുതിയ വിവാദം.

അമൃതാനന്ദമയിയും അമൃതദാസും വിജേഷുമായി ചര്‍ച്ച നടത്തിയതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ മീഡിയാവണ്‍ ചാനലിന് ലഭിച്ചു.

പരാതിയുമായി മുന്നോട്ടുപോകുമെന്ന് വിജേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മഠത്തിലെ അന്തേവാസി സുനില്‍ അമൃതാനന്ദമയിയ്ക്ക ചര്‍ച്ച നടത്താന്‍ താര്‍പര്യമുണ്ടെന്ന് പറഞ്ഞ് വിജേഷിനെ വിളിക്കുകയായിരുന്നു.

പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി മഠം വ്യാപകമായി പാടം നികത്തുന്നതിനെതിരെ സമരത്തിന് വിജേഷാണ് നേതൃത്വം നല്‍കിയത്.

നാട്ടിലെങ്ങും പലരും പാടം നികത്തുകയും മറ്റും ചെയ്യുമ്പോള്‍ മഠത്തിന്റെ കാര്യത്തില്‍ മാത്രം സമരം നടത്തുന്നത് എന്തിനാണെന്നാണ് അമൃതാനന്ദമയി ഉന്നയിച്ചത്.

ലുലുമാളിന്റെ കാര്യം എടുത്തു പറയുകയും ചെയ്യുന്നുണ്ട്. പാടം നികത്തിയാലും വെള്ളക്കെട്ട് നികത്തിയാലും ബോര്‍വെല്‍ ഉണ്ടല്ലോ എന്നാണ്  അമൃതാനന്ദമയി വിജേഷിനോട് ചോദിക്കുന്നത്.

നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും മഠം ചെയ്യുമ്പോള്‍ മാത്രം പ്രശ്‌നമാക്കുന്നതെന്നും വിജേഷിന് എന്ത് ആവശ്യമുണ്ടെങ്കിലും  ചോദിച്ചാല്‍ പോരെയെന്നും അമൃതാനന്ദമയി പറയുന്നു.

അമൃതാനന്ദമായിയുമായി സംസാരിച്ച ശേഷം മഠത്തിന്റെ ചുമതലയുള്ള സ്വാമി അമൃതദാസും വിജേഷുമായി സംസാരിച്ചു.

അമൃതാനന്ദമയി മഠത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാണിച്ച് 2010ലാണ് വിജേഷ് ഓംബുഡ്‌സമാന്  പരാതി നല്‍കിയത്.