Categories

ഗുജറാത്തില്‍ പി.പി പാണ്ഡെ രാജിവെച്ച ഒഴിവിലേക്ക് സര്‍ക്കാര്‍ നിയമിച്ചത് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതയായ ഗീതാ ജോഹ്‌രിയെ

ഗാന്ധിനഗര്‍: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുജറാത്ത് പൊലീസ് മേധാവി പി.പി പാണ്ഡെ രാജിവെച്ച ഒഴിവിലേക്ക് സര്‍ക്കാര്‍ നിയമിച്ചത് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തയാക്കുകയും ചെയ്ത ഗീതാ ജോഹ്‌രിയെ. പ്രത്യേക സി.ബി.ഐ കോടതി 2005ല്‍ ഇവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

ഗുജറാത്തില്‍ ഡി.ജി.പി സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍. 1982 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ഇവര്‍. ഗുജറാത്ത് പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയരക്ടറായിരുന്നു ഇവര്‍.

രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം പാണ്ഡെ രാജി വെച്ചത്.

2004ലെ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്നയാളാണ് പി.പി പാണ്ഡെ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഡി.ജി.പിയായി സംസ്ഥാന സര്‍ക്കാര്‍ ഇദേഹത്തെ നിയമിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രാജിവെക്കണമെന്ന് കോടതി വ്യക്തമാക്കിയത്.


Dont Miss വിജിലന്‍സ് ഡയരക്ടറെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല; വിജിലന്‍സിനെ നിയന്ത്രിക്കണമെന്നാണ് പറഞ്ഞതെന്ന് ഹൈക്കോടതിയുടെ വിശദീകരണം 


പാണ്ഡെയെ ഡി.ജി.പിയായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് താത്കാലിക ചുമതലയാണ് നല്‍കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനുവരിയില്‍ കാലാവധി പൂര്‍ത്തിയായിട്ടും അദ്ദേഹം തന്നെ പോലീസ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പാണ്ഡെ രാജി വെച്ചിരിക്കുന്നത്.

2004ലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ 19കാരിയായ ഇശ്‌റത്ത് ജഹാനുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടിരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ചായിരുന്നു പോലീസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഗൂഢാലോചന, അനധികൃതമായി തടഞ്ഞുവെക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പാണ്ഡെക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tagged with: