എഡിറ്റര്‍
എഡിറ്റര്‍
പരസ്യങ്ങളിലെ നഗ്നതാ പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ
എഡിറ്റര്‍
Wednesday 13th February 2013 12:00am

തിരുവനന്തപുരം: സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്.

നഗ്‌നതാ പ്രദര്‍ശന പരസ്യങ്ങള്‍  സമൂഹത്തിലും കുട്ടികളിലും ദൂഷ്യസ്വഭാവം വളര്‍ത്തുന്നതിന് കാരണമാകുമെന്നും പരസ്യങ്ങളില്‍ സെന്‍സര്‍ സംവിധാനം കര്‍ക്കശമാക്കുകയും സഭ്യേതര പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Ads By Google

സ്ത്രീപീഡനക്കേസുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റിട്ട. വനിതാ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയര്‍മാന്‍ മോന്‍സ് ജോസഫ് നിയമസഭയില്‍ സമര്‍പ്പിച്ചു.

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ജില്ലകളിലും അതിവേഗ കോടതികള്‍ സ്ഥാപിക്കുക, അനുബന്ധ കുടംബകോടതികള്‍ സ്ഥാപിക്കുക, 24 മണിക്കൂര്‍ സൈബര്‍ സെല്‍ പ്രവര്‍ത്തനം എന്നിവയും ശുപാര്‍ശയില്‍ പറയുന്നു.

തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വിശ്രമ മുറി, മൂത്രപ്പുര എന്നിവയും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. സ്ത്രീസുരക്ഷയ്ക്കായി പോലീസുമായി ബന്ധപ്പെടുത്തി പ്രാദേശിക സ്ത്രീകര്‍മ സേന രൂപീകരിക്കണമെന്നും സേനയിലെ വനിതകള്‍ക്ക് പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതിന് എല്ലാ ബസ്സുകളിലും അപക്ഷാഫോറം നിര്‍ബന്ധമാക്കണമെന്നും വാഹനങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

വൈകിട്ട് ആറരയ്ക്ക് ശേഷം സ്ത്രീകള്‍ പറയുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം, ബസുകള്‍, ട്രെയിനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യപിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണം. തിരക്കേറിയ ബസ്സ്‌റ്റോപ്പുകളില്‍ പൊലീസ് സേവനം ലഭ്യമാക്കുക, എന്നിവയും റിപ്പോര്‍ട്ടിലുണ്ട്.

പ്രൈമറി തലം മുതല്‍  പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കാനും. റെയില്‍വേയില്‍  സുരക്ഷക്ക് പൊലീസിലെ പ്രത്യേക ടീമിനെ നിയോഗിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു.

ശുപാര്‍ശയില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ്, സ്ത്രീപീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ വനിതാ പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കുക, പീഡനക്കേസുകളിലെ പ്രതികളെ പ്രായം പരിഗണിക്കാതെ കുറ്റകൃത്യത്തിന്റെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ ഉറപ്പാക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരിക.

സി. മോയിന്‍കുട്ടി ,സണ്ണിജോസഫ്, പി. ഉബൈദുല്ല, എം.പി. വിന്‍സെന്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement