ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി രാംസിങ്ങിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. രാംസിങ്ങിന്റേത് ആത്മഹത്യയോ അതോ കൊലപാതകമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

Ads By Google

ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചനയെന്ന് വെളിപ്പെടുത്തിയ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞില്ല. രാം സിങ്ങിന്റെ കാര്യത്തില്‍ ഒന്നും ഉറപ്പിച്ചുപറയാന്‍ ആരും തയ്യാറുകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മരണം കൊലപാതകമാണെന്ന് രാം സിങ്ങിന്റെ പിതാവും അഭിഭാഷകനും ഉറപ്പിച്ചുപറയുന്നു. അഞ്ചടി എട്ടിഞ്ച് നീളവും 50 കിലോയിലേറെ ഭാരവുമുള്ളയാണ് രാം സിങ്. ഇയാളെ താമസിപ്പിച്ചിരുന്ന മൂന്നാം നമ്പര്‍ ജയിലിലെ അഞ്ചാം വാര്‍ഡിലെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

വസ്ത്രവും പുതപ്പും ഉപയോഗിച്ച് പ്‌ളാസ്റ്റിക് ബക്കറ്റിന് മുകളില്‍ കയറിയാണ് ജനലഴിയില്‍ കുരുക്കിട്ടതെന്നാണ് ജയില്‍ ഓഫിസര്‍മാര്‍ നല്‍കുന്ന വിവരം. സെല്ലില്‍ മറ്റു തടവുകാരും ഗാര്‍ഡും ഉണ്ടായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

എന്നാല്‍ ഇവരാരും തന്നെ ആത്മഹത്യ നടന്നത് അറിഞ്ഞില്ല എന്ന് പറയുന്നതില്‍ ചില പൊരുത്തക്കേടുകള്‍ കാണുന്നുണ്ട്. രാം സിങ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഏകാന്ത തടവിലാണെന്നാണ് നേരത്തേ ജയില്‍ അധികൃതര്‍ നല്‍കിയ വിവരം. രാം സിങ്ങിന്റെ സെല്ലില്‍ മറ്റു രണ്ടു തടവുകാര്‍കൂടി ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്.

ഇയാള്‍ക്ക് നേരത്തേ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിരീക്ഷണം ഏതാനും ദിവസം മുമ്പ് നിര്‍ത്തലാക്കി. ആത്മഹത്യാ പ്രവണത ഉള്ളവരെ സദാ നിരീക്ഷിക്കുകയാണ് പതിവ്. മാത്രമല്ല, രാം സിങ്ങിനെ പാര്‍പ്പിച്ച സെല്ലില്‍ നിരീക്ഷണ കാമറകള്‍ ഉണ്ടായിരുന്നില്ലെന്നതും ദുരൂഹമാണ്.

രാം സിങ്ങിന്റെ മൃതദേഹം മാധ്യമങ്ങള്‍ കാണുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും സംശയത്തിന് വകനല്‍കുന്നത്. ഇത് എവിടെയുണ്ടെന്നുപോലും പൊലീസ് ആദ്യം വെളിപ്പെടുത്തിയില്ല. എയിംസ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളതെന്ന വിവരം പുറത്തുവന്നത് വൈകുന്നേരം മാത്രമാണ്.

എന്നിരുന്നാലും പ്രമാദമായ ഒരു കേസിലെ പ്രധാനപ്രതിയുടെ മരണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രാം സിങ്ങിന്റെ മരണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ഷിന്‍ഡെ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്.