എഡിറ്റര്‍
എഡിറ്റര്‍
മാപ്പ് പറയില്ലെന്ന്‌ പി.സി ജോര്‍ജ്; പ്രസ്താവന മാണിയെ അപമാനിക്കുന്നതെന്ന് ടി.എന്‍ പ്രതാപന്‍
എഡിറ്റര്‍
Wednesday 8th August 2012 12:14am

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പി.സി. ജോര്‍ജ് സന്നദ്ധനാണെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ താന്‍ മാപ്പ് പറയില്ലെന്ന തിരുത്തലുമായി ജോര്‍ജെത്തി.

Ads By Google

ധീരവസഭയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും പി.സി ജോര്‍ജ് പാര്‍ട്ടി ഉന്നതാധികാര യോഗത്തില്‍ അറിയിച്ചതായി മാണി പറഞ്ഞിരുന്നു.

സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നാണ് പി.സി ജോര്‍ജിന്റെ നിലപാട്. ധീരവസമുദായവുമായി കേരളകോണ്‍ഗ്രസ് നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. നെല്ലിയാമ്പതിയിലേക്ക് ആര്‍ക്കും പോകാം. അതിന് ഇരുമ്പ് മറയുടെ ആവശ്യമില്ല. എം.എല്‍.എമാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഓരോ പാര്‍ട്ടിയും യു.ഡി.എഫും അത് പരിശോധിക്കും.

എം.എം ഹസന്‍ യു.ഡി.എഫ് ഉപസമിതി സ്ഥാനം രാജിവെച്ച സ്ഥിതിക്ക് നെല്ലിയാമ്പതി തീരുമാനം വൈകാന്‍ പാടില്ല. നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള ഭൂവിഷയങ്ങളില്‍ യഥാര്‍ത്ഥ കര്‍ഷകരെ സംരക്ഷിക്കുകയും അനധികൃത കൈയ്യേറ്റക്കാരെ ഒഴിവാക്കുകയും ചെയ്യണമെന്നാണ് പാര്‍ട്ടി നിലപാട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംബന്ധിച്ച നിയമത്തിന്റെ പേരില്‍ യഥാര്‍ത്ഥ കര്‍ഷകരെ പീഡിപ്പിക്കാന്‍ പാടില്ല. അതേസമയം, അനധികൃത കൈയ്യേറ്റങ്ങളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ല.

നെല്ലിയാമ്പതി ഉള്‍പ്പെടെ എവിടെയായാലും കര്‍ഷകരുടെ നിയമപരമായ കൈവശങ്ങള്‍ സംരക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. നെല്ലിയാമ്പതിയിലേത് കര്‍ഷക പ്രശ്‌നമാണ്. യു.ഡി.എഫ് ഉപസമിതി ഇക്കാര്യം പരിശോധിക്കട്ടെ. ഓരോ കേസിന്റെയും മെറിറ്റ് അനുസരിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞിരുന്നു.

യു.ഡി.എഫ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും നെല്ലിയാമ്പതിയില്‍ പോകാമെന്നായിരുന്നു മാണിയുടെ മറുപടി. ഔദ്യോഗിക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കാന്‍ പാടില്ലെന്നും മാണി പറഞ്ഞിരുന്നു.

ഉപസമിതിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്താനാവൂ. നെല്ലിയാമ്പതി വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകളില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങും. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുമെന്നും മാണി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിവാദ പ്രസ്താവനയുടെ പേരില്‍ പ്രതാപനോട് മാപ്പ് പറയാന്‍ സന്നദ്ധനാണെന്ന് വ്യക്തമാക്കിയതായുള്ള തന്റെ പ്രസ്താവന ധീരവ സമുദായത്തിന് ഏതെങ്കിലും തരത്തില്‍ വേദന ഉളവാക്കിയിട്ടുണ്ടെങ്കില്‍ ഖേദപ്രകടനം  നടത്തുന്നതായി ധീരവസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് അയച്ച കത്തില്‍ പി.സി ജോര്‍ജ് വ്യക്തമാക്കി. പ്രതാപനോട് മാപ്പ് ചോദിക്കേണ്ട കാര്യമില്ല. ഈ വിഷയത്തില്‍ പ്രതാപന്‍ കക്ഷിയല്ല. പ്രതാപന്‍ സമുദായ പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല.

കര്‍ഷക പുത്രനായ താന്‍ നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുപോലെ ധീരവസമുദായത്തില്‍ ജനിച്ച ടി.എന്‍ പ്രതാപന്‍ നീണ്ടകരയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കൂടി ഇടപെടണമെന്ന അഭ്യര്‍ത്ഥനയാണ് നടത്തിയത്. മത്സ്യത്തൊഴിലാളികളില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും  മുസ്‌ലീംകളും ഉണ്ടെന്നറിയുന്ന ഒരാളെന്ന നിലയില്‍ ടി.എന്‍ പ്രതാപന്‍ സമുദായ പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്ന് തനിക്ക് എങ്ങനെ പറയാനാവുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം മാപ്പ് പറയില്ലെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവന കെ.എം.മാണിയെ അപമാനിക്കുന്നതാണെന്ന് ടി.എന്‍.പ്രതാപന്‍ കുറ്റപ്പെടുത്തി. ധീവരസഭയ്ക്കുള്ള കത്തുവഴി ജോര്‍ജ് പിന്നെയും തന്നെ അപമാനിച്ചുവെന്നും പ്രതാപന്‍ പറഞ്ഞു.

Advertisement