കാവ്യ മാധവനെ കേന്ദ്രകഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത ‘ഗദ്ദാമ’യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ സലിം കരുക്കലത്താണ് ആരോപണവുമായി രംഗത്തെത്തിയത്. പത്ത് വര്‍ഷം മുമ്പ് ഒരു മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയാണ് ‘ഗദ്ദാമ’യുടേതെന്ന് ഇയാള്‍ പറയുന്നു.

താന്‍ ഗള്‍ഫില്‍ ജോലിചെയ്തിരുന്നു. ആ കാലത്താണ് ഈ കഥയെഴുതിയത്. 2000 ഒക്ടോബര്‍ 20നാണ് ഇത് പ്രസിദ്ധീകരിച്ചത്. സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ തന്റെ കഥയാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ കമലിനെ അറിയിച്ചിരുന്നു. എന്നാല്‍ കമല്‍ മറുപടി തന്നില്ല. സിനിമകണ്ടശേഷമാണ് മോഷ്ടിച്ചതാണെന്ന് ഉറപ്പായത്. സലീം പറയുന്നു.

കെ.യു ഇഖ്ബാലാണ് ‘ഗദ്ദാമ’യുടെ കഥ രചിച്ചിരിക്കുന്നതെന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ ജീവിതത്തില്‍ നേരിട്ടുകണ്ട അനുഭവങ്ങളില്‍ നിന്നാണ് ‘ഗദ്ദാമ’ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.