കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തിലെ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍. കരാറുകാര്‍ ഓണക്കാലത്ത് ശമ്പളം നല്‍കുന്നില്ലെന്നും ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് സമരം. സമരം തുടരുന്ന സാഹചര്യത്തില്‍ ചില സര്‍വീസുകള്‍ വൈകിയാണ് പുറപ്പെട്ടത്.

നെടുമ്പാശേരിയിലെ ഗ്രൗണ്ട്് ഹാന്‍ഡിലിങ് ഏറ്റെടുത്തിട്ടുള്ള എയര്‍ ഇന്ത്യയുടെ, ഉപകരാറുകാരായ ഐരാവത് ഏജന്‍സിയിലെ ജീവനക്കാരാണ് ഇന്നലെ ഉച്ചമുതല്‍ പണിമുടക്കിയത്. ചെക്കിങ്, ലോഡിങ്, ക്ലീനിങ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് പണിമുടക്കുന്നത്.

കുറഞ്ഞശമ്പളമാണ് കരാറുകാര്‍ നല്‍കുന്നതെന്നും ഇത്തവണ ഓണക്കാലമായിട്ടും ശമ്പളം തന്നില്ല. തൊഴിലാളികളില്‍നിന്ന് പല പേരുകളില്‍ തുക പിടിക്കുന്നുണ്ടങ്കിലും ഇതൊന്നും തിരികെ നല്‍കുന്നില്ല. മികച്ച വിദ്യാഭ്യാസയോഗ്യതയുള്ള ജീവനക്കാരെ, ബോണ്ടിന്റെയും നിക്ഷേപത്തുകയുടെയും പേരില്‍ ബുദ്ധിമുട്ടിക്കുകയാണന്നും ജീവനക്കാര്‍ പറയുന്നു.

കരാര്‍ ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് രാത്രി, പല വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. പണിമുടക്കിന്റെ പേരില്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുകയും ശമ്പളമടക്കം ആനൂകൂല്യങ്ങള്‍ നല്‍കുകയും ചെയ്താലെ സമരം പിന്‍വലിക്കൂ എന്നാണ് ജീവനക്കാരുടെ നിലപാട്.