Categories

ചീഫ് സെക്രട്ടറിയുടെ മുറിയില്‍ കയറി എസ്.പിയുടെ ബഹളം: ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ കടന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ്.പി വി.ആര്‍ രഘുവര്‍മ്മ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രഘുവര്‍മ്മ തന്നെ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്.

Ads By Google

ഐ.പി.എസ് സെലക്ഷന്‍ ലിസ്റ്റില്‍ തന്നെ  ഉള്‍പ്പെടുത്താതിരുന്നത് നീതിനിഷേധമാണെന്നാണ് രഘുവര്‍മ്മ പറയുന്നത്. മൊബൈലില്‍ ഷൂട്ട്‌ചെയ്യരുതെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും തന്റെ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നതാണ് എസ്.പി യുടെ വിശദീകരണം.

”ചീഫ്‌സെക്രട്ടറി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിനെതിരെ നിയമപരമായ നടപടി എടുക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ അപേക്ഷ നിരസിച്ച നടപടിയിലൂടെ താങ്കള്‍ നിയമ വിരുദ്ധ മായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് അറസ്‌ററ്‌ ചെയ്യാന്‍ പോലും കഴിയും.

താന്‍ പട്ടികജാതിക്കാരനാണെന്നും എസ്.പി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നതും വ്യക്തമാകുന്നുണ്ട്.

ശനിയാഴ്ച ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ഓഫീസിലെത്തിയാണ് രഘുവര്‍മ ബഹളം വെച്ചത്‌. ചീഫ് സെക്രട്ടറിയോട് കയര്‍ത്തുസംസാരിക്കാന്‍ തുടങ്ങിയതോടെ ചീഫ് സെക്യൂരിറ്റി ഓഫീസറെ വിളിച്ച് എസ്.പിയെ മുറിയില്‍നിന്ന് പുറത്താക്കുകയായിരുന്നു.

എസ്.പിക്കെതിരെ കേസെടുക്കേണ്ടെന്നും വകുപ്പുതല നടപടിയെടുത്താല്‍ മതിയെന്നും ചീഫ് സെക്രട്ടറി തന്നെ നിര്‍ദേശിച്ചിരുന്നു. എസ്.പി തന്നെ അസഭ്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗികമുറിയിലെ സംഭാഷണം അനുമതിയില്ലാതെ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചതിന് നടപടിയെടുക്കണമെന്നുമാണ് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്.