കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ നടപടി നേരിടുന്ന എം.വി ജയരാജന്റെ അവധി അപേക്ഷ ഹൈക്കോടതി തള്ളി. ജൂണ്‍ 10ന് ജയരാജന്‍ കോടതിയില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു.

ജൂണ്‍ 24വരെ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതാണ് കോടതി തള്ളിയത്.

അതേസമയം, ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദേശം വന്നതിനുശേഷം മെയ് 30ന് ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ കോടതിയെ ചൊടിപ്പിച്ചിട്ടുണ്ട്. കോടതി വിധി ശുംഭത്തരമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയരാജന്റേത് കോടതി നടപടികളില്‍ മേലുള്ള കടന്നുകയറ്റമാണെന്നും ജഡ്ജിമാര്‍ വിഡ്ഢികളല്ലെന്നും കോടതി പറഞ്ഞു.

ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ചതിനാണ് ജയരാജന്‍ കോടതിയലക്ഷ്യ നടപടി നേരിടുന്നത്. ജയരാജനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അവധി ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

‘ശുംഭന്‍’ എന്നത് മോശമായ പ്രയോഗമല്ലെന്ന് അദ്ദേഹം പറയുന്നു. കോടതിയ്‌ക്കെതിരായി താനൊന്നും ചെയ്തിട്ടില്ലെന്നു വാദിക്കുന്ന ജയരാജന്‍ ‘ശുംഭന്‍’ എന്ന വാക്കിന് ‘സ്വയംപ്രകാശിക്കുന്നവന്‍’ എന്നാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥമെന്നും പറയുന്നു.

പാതയോരത്ത് പൊതുയോഗം പാടില്ലെന്ന ഹൈക്കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നും ഏതാനുംചില ശുംഭന്‍മാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാനാവില്ലെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താതെ തന്നെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.