എഡിറ്റര്‍
എഡിറ്റര്‍
കോടതി വിധിച്ചിട്ടും നീതി നിഷേധം; തലാഖ് ചൊല്ലിയ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് അടിച്ചിറക്കി
എഡിറ്റര്‍
Saturday 2nd June 2012 8:14am

കുന്ദംകുളം: തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും ഭാര്യക്ക് ഭര്‍തൃവീട്ടില്‍ കഴിയാമെന്ന കോടതി ഉത്തരവ് ലംഘിച്ച് യുവതിയെയും കുഞ്ഞിനെയും അടിച്ചിറക്കിയതായി പരാതി. മര്‍ദ്ദനത്തെതുടര്‍ന്ന് പുന്നയൂര്‍ എടക്കര നീരാറ്റിപറമ്പില്‍ അബ്ദുള്‍ലത്തീഫിന്റെ ഭാര്യ സുബൈദയെയും 14 വയസ്സുള്ള മകളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന അബ്ദുള്‍ലത്തീഫ് ഭാര്യ സുബൈദയെ തലാഖ് ചൊല്ലിയിരുന്നു. ഇതിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സുബൈദ കോടതിയെ സമീപിച്ചു. ഭര്‍ത്താവിന്റെ തലാഖ് നിയമപ്രകാരമുള്ളതല്ലെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതി തലാഖ് ചൊല്ലിയാലും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാമെന്ന് വധിച്ചത്.

ഇതിനെതിരെ അബ്ദുള്‍ലത്തീഫിന്റെ ഉമ്മ അച്ചുട്ടി ചാവക്കാട് മുന്‍സിഫ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഉമ്മ അച്ചുട്ടിയെ, വീട്ടില്‍നിന്ന് സുബൈദ ഇറക്കിവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി. തുടര്‍ന്ന് കോടതി കമ്മീഷനെ വെച്ചു. വീട് പരിശോധിക്കാനായി തിങ്കളാഴ്ച കമ്മീഷനെത്തിയപ്പോള്‍ അബ്ദുള്‍ലത്തീഫ് രണ്ടാംഭാര്യയുമായി എടക്കരയിലെ നീരാറ്റിപറമ്പിലെത്തി. ലത്തീഫിന്റെ സഹോദരിമാരും വീട്ടിലെത്തി.

കമ്മീഷന്‍ പരിശോധിച്ച് പോയിക്കഴിഞ്ഞപ്പോള്‍ ലത്തീഫും സഹോദരിമാരും രണ്ടാംഭാര്യയും വീട്ടില്‍ തങ്ങി. രാത്രി പതിനൊന്നരയായപ്പോള്‍ ആദ്യഭാര്യ സുബൈദയെയും മകളെയും ഭര്‍ത്താവ് അബ്ദുള്‍ലത്തീഫും സഹോദരിമാരും മര്‍ദ്ദിച്ച് പുറത്തിറക്കിയെന്നതാണ് കേസ്. വടക്കേക്കാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഭര്‍ത്തൃവീട്ടില്‍നിന്ന് പുറത്താക്കരുതെന്ന് ഉത്തരവുണ്ടായിട്ടും മര്‍ദ്ദിച്ച് ഇറക്കിവിട്ടതിനെതിരെ വീണ്ടും കുന്നംകുളം കോടതിയെ സമീപിക്കുമെന്ന് അഡ്വ. കെ.എസ്. ബിനോയ് അറിയിച്ചു.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യക്ക് മതിയായ ജീവിത സുരക്ഷ നല്‍കുന്നതിനാണ് തലാഖ് ചൊല്ലിയാലും ഭര്‍തൃവീട്ടില്‍ കഴിയാന്‍ കോടതി വിധിച്ചത്. അടുത്തിടെ ദേശീയ തലത്തിലും ഇത്തരം ശ്രദ്ധേയമായ കോടതി വിധികള്‍ വന്നിരുന്നു. തലാഖ് ചൊല്ലുന്നതോടെ അനാഥമാകുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നതാണ് കോടതി ഇടപെടല്‍. കോടതി വിധി പ്രകാരം ഭര്‍തൃവീട്ടില്‍ സ്ത്രീക്ക് ഒരു തരത്തിലുള്ള ഉപദ്രവും ഉണ്ടാവാന്‍ പാടില്ല. സ്ത്രീയുടെ അനുമതിയില്ലാതെ വീട് വില്‍ക്കാനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അധികാരമില്ല.

Advertisement