ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിനെതിരായ കോടതിയലക്ഷ്യക്കേസ് സെപ്റ്റംബര്‍ 18ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പര്‍വേസ് അഷ്‌റഫ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

Ads By Google

രാജ പര്‍വേസ് അഷ്‌റഫ് ഇന്ന് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി. നിയമവിദഗ്ധരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തനിക്ക് നാല് മുതല്‍ ആറാഴ്ച വരെ സമയം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോടതിയില്‍ ഹാജരായി എന്നതുകൊണ്ട് മാത്രം കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി പര്‍വേസിനോട് പറഞ്ഞു.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കാന്‍ സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ക്ക് കത്തെഴുതാന്‍ സുപ്രീംകോടതി അഷ്‌റഫിന് നിര്‍ദേശം നല്‍കിയിരുന്നു. ആഗസ്റ്റ് 8 വരെയായിരുന്നു സമയം അനുവദിച്ചത്. പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരായ നിയമനടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് രാജ പര്‍വേസിന് കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വന്നത്.

രാവിലെ ഒന്‍പത് മണിയോടെയാണ് അദ്ദേഹം കോടതിയിലെത്തിയത്. ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്, ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഖാമര്‍ സമാന്‍ കൈറ എന്നിവരും ഭരണമുന്നണിയിലെ മറ്റ് നേതാക്കളും പര്‍വേസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോടതിയിലെത്തിയിരുന്നു.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ജുഡീഷ്യറിയെ മാനിക്കുന്നെന്നും അതിനാലാണ് പ്രധാനമന്ത്രി കോടതിയില്‍ ഹാജരായതെന്നും കൈറയും മാലികും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുപ്രീംകോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നെന്നും അവര്‍ കോടതിയെ അറിയിച്ചു.

സര്‍ദാരിക്കെതിരായ നിരവധി അഴിമതിക്കേസുകളില്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പര്‍വേസ് അഷ്‌റഫ് കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്. ഇതേ കേസിലാണ് നേരത്തെ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് പ്രധാനമന്ത്രി പദം നഷ്ടമായത്. പ്രസിഡന്റിന് ഭരണഘടന അനുശാസിക്കുന്ന നയതന്ത്ര ആനുകൂല്യമുണ്ടെന്നും ഇതിനാലാണ് കത്തയയ്ക്കാത്തതെന്നുമായിരുന്നു യൂസഫ് റാസ ഗീലാനി കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗീലാനിയെ കോടതി പ്രതീകാത്മകമായി ശിക്ഷിക്കുകയും ചെയ്തിരുന്നു.