കൊച്ചി: തുറമുഖത്തെ കണ്ടെയ്‌നര്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സേവന-വേതന വ്യവസ്ഥകള്‍ പാലിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

തിങ്കളാഴ്ച്ച അര്‍ധരാത്രിമുതലാണ് സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് കൊച്ചി തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കം ഏതാണ്ട് നിലച്ചിട്ടുണ്ട്. പത്തിലധികം സംഘടനകള്‍ സമരരംഗത്തുണ്ട്. ഏതാണ്ട് 4000 ലധികം തൊഴിലാളികളാണ് പണിമുടക്കുന്നത്.

സമരത്തെക്കുറിച്ച് അധികാരികളെ നേരത്തേ അറിയിച്ചിട്ടുണ്ടെന്ന് സംഘടനകള്‍ പറഞ്ഞു. ആറുതവണ നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.