എഡിറ്റര്‍
എഡിറ്റര്‍
‘ഡി.ഐ.ജി ശ്രീജിത്ത് ഭീഷണിപ്പെടുത്തി; റഷീദിന്റെ പേരു പറഞ്ഞാല്‍ കേസില്‍ കുടുക്കും’
എഡിറ്റര്‍
Friday 15th June 2012 8:20am

കൊല്ലം: ക്രിമിനല്‍ പോലീസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ഡി.ഐ.ജി ശ്രീജിത്തിനെതിരെ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായ കണ്ടെയ്‌നര്‍ സന്തോഷിന്റെ രഹസ്യമൊഴി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നിലാണ് സന്തോഷ് മൊഴിനല്‍കിയത്.

റഷീദിന്റെ പേര് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞാല്‍ മുംബൈയിലും കോയമ്പത്തൂരിലും നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഉണ്ണിത്താന്‍ വധശ്രമക്കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലവനായിരുന്ന ശ്രീജിത്ത് തന്നെ ഭീഷണിപ്പെടുത്തിയതായാണ് സന്തോഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മുഖ്യപ്രതിയായിരുന്ന ഹാപ്പി രാജേഷിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ ജയിലിലുള്ള ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദിന് പങ്കുള്ളതായും കണ്ടെയ്‌നര്‍ സന്തോഷിന്റെ മൊഴിയില്‍ സൂചനയുണ്ട്.

മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലാംപ്രതിയായ കണ്ടെയ്‌നര്‍ സന്തോഷില്‍നിന്ന് മജിസ്‌ട്രേറ്റ് നേരിട്ടാണ് 150 പേജുകളോളം വരുന്ന മൊഴി രേഖപ്പെടുത്തിയത്. കേസില്‍ കണ്ടെയ്‌നര്‍ സന്തോഷിനെ മാപ്പുസാക്ഷിയാക്കാനാണ് സി.ബി.ഐ.യുടെ നീക്കം.

കണ്ടെയ്‌നര്‍ സന്തോഷിന്റെ മൊഴി ഇങ്ങിനെ: ഹാപ്പി രാജേഷ് കൊല്ലപ്പെട്ട ദിവസം താന്‍ കൊച്ചിയിലായിരുന്നു. വിവരമറിഞ്ഞ് അന്നുതന്നെ വൈകിട്ട് കുടുംബസമേതം ഹാപ്പി രാജേഷിന്റെ കൊല്ലത്തെ വീട്ടിനടുത്തെത്തി. അപ്പോള്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞു. ഉടനെ അവിടെയെത്തി. അപ്പോള്‍ ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദും അവിടെ ഉണ്ടായിരുന്നു. എന്തിനാണ് വന്നതെന്ന ചോദ്യത്തിന് ഈ കേസ് താന്‍ അന്വേഷിക്കേണ്ടിവരുമെന്നായിരുന്നു റഷീദിന്റെ മറുപടി. ഡിവൈ.എസ്.പി.മാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഉണ്ണിത്താനെ ആക്രമിക്കാനായി ഹാപ്പി രാജേഷിനാണ് ക്വട്ടേഷന്‍ കൊടുത്തിരുന്നത്.

ഉണ്ണിത്താനെ ആക്രമിച്ച് 11 ദിവസങ്ങള്‍ക്കുശേഷമാണ് ഹാപ്പി രാജേഷ് കൊല്ലപ്പെടുന്നത്. കൊലചെയ്യപ്പെടുന്നതിനു മുമ്പ് ദിവസങ്ങളോളം ആശ്രാമം സ്വദേശിയായ ബാബു കുമാര്‍ എന്ന പോലീസുകാരനൊപ്പമായിരുന്നു രാജേഷ്. റഷീദിന്റെ അടുത്ത അനുയായിയായ ബാബു കുമാര്‍ അച്ചടക്കനടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ്. ഉണ്ണിത്താന്‍ വധശ്രമക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ആദ്യം അന്വേഷണസംഘത്തില്‍ റഷീദും കടന്നുകൂടി.

എന്നാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ റഷീദിന്റെ സാന്നിധ്യത്തെ ചോദ്യംചെയ്തതോടെ അയാള്‍ പുറത്തായി. തുടര്‍ന്ന് ഇരു ഡിവൈ.എസ്.പി.മാരും തന്നെ കൈയൊഴിയുകയായിരുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതും റഷീദിന്റെ ബുദ്ധിയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഡിവൈ.എസ്.പി.മാരുമായി തെറ്റുകയും തിരുവല്ല കോടതിയില്‍വച്ച് ഇരുവരുടെയും പേരുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിളിച്ചുപറയുകയുമായിരുന്നു. ഇതോടെ താന്‍ എല്ലാവരുടെയും കണ്ണിലെ കരടായി മാറിമൊഴിയില്‍ കണ്ടെയ്‌നര്‍ സന്തോഷ് പറയുന്നു.

തന്റെ ഭാര്യവീട് പുനലൂരിലാണ്. 21 വര്‍ഷമായി ദുബായില്‍ ബിസിനസ് നടത്തുന്ന താന്‍ ഒരിക്കല്‍ നാട്ടിലെത്തിയപ്പൊള്‍ സുഹൃത്ത് മുഖേനയാണ് അന്ന് പുനലൂര്‍ ഡിവൈ.എസ്.പി. ആയിരുന്ന സന്തോഷ്‌നായരുമായി പരിചയപ്പെടുന്നത്. ക്രമേണ ബന്ധം സുദൃഢമായി.

ഡിവൈ.എസ്.പി.മാരായ അബ്ദുള്‍ റഷീദ്, ഇക്ബാല്‍, ചിത്രസേനന്‍ എന്നിവരെയും തുടര്‍ന്ന് പരിചയപ്പെട്ടു. ഇവരുമായി വിവിധ ഹോട്ടലുകളില്‍ ഒത്തുകൂടിയിട്ടുണ്ട്. എന്നാല്‍ സന്തോഷ് നായര്‍, റഷീദ് എന്നിവരുമായിട്ടായിരുന്നു അടുത്ത ബന്ധംമൊഴിയില്‍ കണ്ടെയ്‌നര്‍ സന്തോഷ് വെളിപ്പെടുത്തി.

ചവറയിലെ ഐ.ആര്‍.ഇ.യുടെ അതിഥിമന്ദിരത്തില്‍വച്ചായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തലവന്‍ ഡി.ഐ.ജി. ശ്രീജിത്തുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് രഹസ്യമൊഴിയില്‍ കണ്ടെയ്‌നര്‍ സന്തോഷ് പറയുന്നു.

അതീവരഹസ്യമായാണ് എസ്.പി. സാം ക്രിസ്റ്റി ഡാനിയേല്‍ തന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുന്നതിനു മുമ്പ്
ക്രൈം ബ്രാഞ്ച് ഓഫീസില്‍വച്ച് വളരെ ദേഷ്യത്തോടെയാണ് സാം ക്രിസ്റ്റി ഡാനിയേല്‍ പെരുമാറിയത്. മുറിയിലേക്ക് ചെന്നപാടെ ചീത്ത വിളിച്ചു. എന്തിനാണ് രണ്ട് ഡിവൈ.എസ്.പി.മാരുടെ പേരുകള്‍ വിളിച്ചുപറഞ്ഞതെന്ന് ചോദിച്ചു. പിന്നീട് ഒരു പോലീസുകാരനെപ്പോലും കൂട്ടാതെയാണ് ചവറയിലെ ഐ.ആര്‍.ഇ.ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയത്.

അതിഥിമന്ദിരത്തില്‍ ഡി.ഐ.ജി.ശ്രീജിത്തും കുടുംബവുമുണ്ടായിരുന്നു. ചെന്നപാടെ എന്നെ കസേരയിലിരുത്തി വളരെ സ്‌നേഹപൂര്‍വം സന്തോഷേ, നീ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പറയരുതെന്ന് പറഞ്ഞു. രാവിലെ മുംബൈയില്‍നിന്ന് ഇന്റലിജന്‍സിന്റെ ഫാക്‌സ് വന്നു. നിന്റെ വണ്ടികളെല്ലാം പിടിച്ചെടുക്കാനും സ്ഥാപനം പൂട്ടിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. സന്തോഷിന് അധോലോകബന്ധം ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈയിലും കോയമ്പത്തൂരിലും നടന്ന രണ്ട് കൊലപാതകങ്ങള്‍ സന്തോഷിന്റെ അറിവോടെയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് കൊടുത്തിട്ടില്ല. കൊടുത്താലുള്ള സ്ഥിതി സന്തോഷിന് അറിയാമല്ലോഡി.ഐ.ജി.ശ്രീജിത്ത് ഭീഷണിസ്വരത്തില്‍ പറഞ്ഞതായും കണ്ടെയ്‌നര്‍ സന്തോഷ് രഹസ്യമൊഴിയില്‍ പറയുന്നു.

Malayalam News

Kerala News in English

Advertisement