എഡിറ്റര്‍
എഡിറ്റര്‍
കണ്‍സ്യൂമര്‍ഫെഡ് അഴിമതി; നിയമം അതിന്റെ വഴിക്കുപോകും: ആഭ്യന്തരമന്ത്രി
എഡിറ്റര്‍
Saturday 11th January 2014 7:19pm

chennithala222

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കേസില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കേസില്‍ ആഭ്യന്തര വകുപ്പ് എടുത്തിട്ടുള്ളത് ശക്തമായ നടപടിയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ അന്ന പൂര്‍ണ എന്ന പേരില്‍ 26 കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം റെയ്ഡ് നടന്നിരുന്നു. എറണാകുളത്തെ ഹെഡ് ഓഫീസും തിരുവനന്തപുരത്തെ മേഖലാ ഓഫീസും ഇതില്‍ ഉള്‍പ്പെടും.

വ്യാപക ക്രമക്കേടായിരുന്നു റെയ്ഡില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ടി.എ, ഡി.എ ഇനത്തില്‍ വന്‍ തുകകള്‍ എഴുതി വാങ്ങുന്നതായും ഓഡിറ്റിങ് നടത്തിയിട്ട് വര്‍ഷങ്ങളായെന്നും കണ്ടെത്തിയിരുന്നു.

കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കത്തയക്കുകയുണ്ടായി.

അഴിമതിക്ക് ഉത്തരവാദികളായ എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം. കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് മൂന്നുകോടി രൂപ ലാഭത്തിലായിരുന്ന കണ്‍സ്യൂമര്‍ഫെഡ് ഇപ്പോള്‍ 30 കോടി രൂപ നഷ്ടത്തിലാണ്. സംസ്ഥാനത്തെ ചില്ലറ വില്‍പ്പനക്കാര്‍ ആന്ധ്രയില്‍ നിന്ന് 23 രൂപയ്ക്ക് വാങ്ങുന്ന അതേ അരി കണ്‍സ്യൂമര്‍ഫെഡ് 29 രൂപയ്ക്ക് വാങ്ങുന്നതായി രേഖയുണ്ടാക്കി വെട്ടിപ്പു നടത്തുകയാണ്.

ഇങ്ങനെ വില കൂട്ടിക്കാണിക്കുന്നതുകൊണ്ട് 9 രൂപ സബ്‌സിഡി കഴിച്ച് 14 രൂപയ്ക്ക് ലഭിക്കേണ്ട അരി ജനങ്ങള്‍ക്ക് ലഭിക്കുന്നത് 21 രുപയ്ക്കാണ്. മറ്റ് ഭക്ഷ്യസാധനങ്ങള്‍ക്കും സമാനമായ തോതില്‍ വലിയ വില നല്‍കേണ്ടിവരുന്നുണ്ടുന്നുമായിരുന്നു വി.എസ് കത്തില്‍ പറഞ്ഞിരുന്നത്.

Advertisement