ന്യൂദല്‍ഹി: ബിസിനസില്‍ മാത്രമല്ല ഉപഭോക്താക്കളുടെ പരാതിയിലും എയര്‍ടെല്‍ ഒന്നാമതെന്ന് വ്യക്തമായി. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ പുതിയ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി 3571 പരാതികളാണ് ഭാരതി എയര്‍ടെല്ലിനെതിരേ ട്രായിക്ക് ലഭിച്ചത്. റിലയന്‍സിനെതിരേ ഈ കാലയളവില്‍ 2151 പരാതികളും വോഡഫോണ്‍ എസ്സാറിനെതിരേ 1896 പരാതികളും ഉയര്‍ന്നിട്ടുണ്ടെന്ന് ട്രായ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് ടാറ്റാ ഡോക്കോമോക്കെതിരേയും (1239) ഐഡിയക്കെതിരേയും (925) ആണ്. മൊബൈല്‍ നിരക്കുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയെക്കുറിച്ചാണ് പരാതികളധികവും. പരാതികളില്‍ യുക്തമായ നടപടിയെടുക്കണമെന്ന് കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.