കെയ്‌റോ: ഭരണഘടനാ ഭേദഗതിക്ക് ഈജിപ്ഷ്യന്‍ ജനത അംഗീകാരം നല്‍കി. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 77 ശതമാനം പേരും ഭരണഘടനഭേദഗതിയെ അംഗീകരിച്ചു. പട്ടാള ഭരണകൂടം രൂപം നല്‍കിയ സമിതിയാണ് ഭരണഘടനാഭേദഗതി തയാറാക്കിയിരിക്കുന്നത്.

പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷമായി കുറയ്ക്കാനും രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്നും ഭരണഘടനാ ഭേദഗതി വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ്‌ 30 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് ഡപ്യൂട്ടിയെ നിയമിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു.

ഭരണഘടനാ ഭേദഗതിക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയതോടെ സെപ്റ്റംബറില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ സൈനിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരായ ജനകീയ പ്രക്ഷോഭത്തിനിടെ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന നിര്‍ണായക മാറ്റങ്ങളാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.