കാത്മണ്ഡു: നേപ്പാളില്‍ ഭരണഘടനാ അസംബ്ലിയുടെ കാലാവധി മൂന്ന് മാസത്തേക്കുകൂടി നീട്ടി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇടക്കാലഭരണഘടനയും ഭേദഗതി ചെയ്തിട്ടുണ്ട് .

നേപ്പാളിലെ രാഷ്ട്രീയ പാര്‍ട്ടികളായ യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്), നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) എന്നിവര്‍ തമ്മിലുള്ള അഞ്ചിന കരാറായിരിക്കും ഇതിനടിസ്ഥാനം. കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഭരണഘടനാ അസംബ്ലിയുടെ കാലാവധി കഴിഞ്ഞിരുന്നു.

സമാധാന പ്രക്രിയ പൂര്‍ത്തീകരിക്കാനും മൂന്ന് മാസത്തിനകം പുതിയ ഭരണഘടനയുടെ ആദ്യ കരട് തയ്യാറാക്കാനും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനായി പ്രധാനമന്ത്രി ഝലനാഥ് ഖനാല്‍ വളരെപ്പെട്ടെന്ന് രാജിവെയ്ക്കുമെന്നും കരാറില്‍ പറയുന്നു. മാവോയിസ്റ്റുകളുമായി നടന്ന ചര്‍ച്ചയില്‍ 10000 മാധേസികളെ നേപ്പാള്‍ സൈന്യത്തിലെടുക്കണമെന്ന് യു.ഡി.എം.എഫ് ആശ്യം ഉന്നയിച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ല.