പോര്‍ട്ട് ബ്ലെയര്‍: അന്തമാന്‍ നിക്കോബാറിലെ ജാരവ ആദിവാസികളെ കൊണ്ട് നഗ്നനൃത്തം ചെയ്യിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റു ചെയ്തു. സില്‍വാരിയസ് കിന്റോയാണ് അറസ്റ്റിലായത്.

സംഭവത്തിലുള്‍പ്പെട്ടെ സ്ത്രീകള്‍ കോണ്‍സ്റ്റബിളിനെ തിരിച്ചറിഞ്ഞതോടെയായിരുന്നു അറസ്‌റ്റെന്ന് നിക്കോബാര്‍ പോലീസ് പറഞ്ഞു. ആഹാരത്തിന് വേണ്ടി വിദേശികള്‍ക്ക് മുന്നില്‍ നഗ്ന നൃത്തം ചെയ്യാന്‍ കാക്കിയിട്ട പോലീസുകാരന്‍ ആവശ്യപ്പെടുന്നതും ദൃശ്യത്തില്‍ വ്യക്തമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോണ്‍സ്റ്റബില്‍ പിടിയിലായത്. സംഭവം നടന്ന 2007 ജൂലൈ നവംബര്‍ മാസത്തിലാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ മനസ്സിലായതെന്ന് പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അവഹേളിക്കപ്പെട്ട സ്ത്രീകളെ ആദിവാസി മേഖലയിലെ ആദിം ജന്‍ജദി വികാസ്ത് സമിതിയുടെ സഹായത്തോടെ പോലീസ് കണ്ടെത്തുകയായിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ മൊഴിയനുസരിച്ച് നടന്ന തിരിച്ചറിയല്‍ പരേഡില്‍ മൂന്ന് പേര്‍ക്ക് കോണ്‍സ്റ്റബിളിനെ തിരിച്ചറിയാനായതായി പോലീസ് അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ നഗ്‌നനൃത്തം ചെയ്യുന്ന ആന്‍ഡമാനിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്ന ജാരവ വിഭാഗത്തില്‍പെട്ട ആദിവാസി സ്ത്രീകളുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യം ബ്രട്ടീഷ് പത്രം ദ ഒബ്‌സര്‍വറാണ് പുറത്തുവിട്ടത്. സ്ഥലത്തെ പോലീസാണ് സഞ്ചാരികളില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം നൃത്തം ചെയ്യാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഏറെ വിരളമായ ആദിവാസികളുമായി അടുത്തിടപഴകുന്നതും അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിരോധിച്ചുള്ള  നിയമങ്ങള്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരം ചൂഷണങ്ങള്‍ നടന്നത്. ആന്റമാനിലെ സംരക്ഷിത വനങ്ങളില്‍ വെറും 403 ജാരവ ആദിവാസികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സംഭവവുമായി 40 ഉദ്യോഗസ്ഥര്‍ക്ക് കൂടി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.

Malayalam News

Kerala News In English