എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടിലെ കാട്ടുതീയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം; ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മര്‍ദ്ദനം
എഡിറ്റര്‍
Monday 17th March 2014 11:21am

kattu-thee

വയനാട്: തിരുനെല്ലിക്കാട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം.

കാട്ടു തീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പരിസ്ഥിതി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ അന്‍വര്‍ എന്ന യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്.

പത്തു വര്‍ഷത്തിനിടയില്‍ വയനാട്ടിലുണ്ടായ വലിയ കാട്ടു തീയെന്ന് വനം വകുപ്പ് തന്നെ വിലയിരുത്തിയ കാട്ടു തീ പടര്‍ന്നത് ഒരേ സമയം ഏഴിടങ്ങളില്‍ നിന്നായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഇതാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്ന സംശയത്തെ ശക്തിപ്പെടുത്തുന്നത്.

ഇതിനു പുറമെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്‍വറിനെയും സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഒരും സംഘം മര്‍ദ്ദിച്ചതും സംശയം ബലപ്പെടുത്തുന്നതാണ്. അന്‍വറിന്റെ ക്യാമറ സംഘം തകര്‍ക്കുകയും മെമ്മറി കാര്‍ഡ് കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്.

കടുവ ഭീഷണിയെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെയും മുന്‍നിര്‍ത്തി കാടിനു തീയീടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വേണ്ട രീതിയല്‍ പരിഗണിച്ചിരുന്നില്ല.

അവധി ദിവസം മുതലെടുത്ത് വനത്തിന് തീയിടുകയായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കാട്ടു തീയില്‍ ഏതാണ്ട് 1200 ഏക്കറോളം വനം കത്തി നശിച്ചതായും നിരവധി കാട്ടു ജീവികള്‍ ചത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

Advertisement