ജയ്പൂര്‍: പുതിയ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ യോഗത്തിന് ജയ്പൂരില്‍ ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന്റെ സംഘടനാ രീതിയിലും നയങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ads By Google

ജയ്പൂര്‍ ബിര്‍ള ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കമാകും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി അടക്കമുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമര്‍, എ.ഐ.സി.സി ഭാരവാഹികള്‍, മുഖ്യമന്ത്രിമാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, പി.സി.സി പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ 350 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുന്നത് സംബന്ധിച്ച തീരുമാനം സമ്മേളനത്തില്‍ ഉണ്ടാകും. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷയെകുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

സ്ത്രീ പ്രാധിനിത്യം വര്‍ധിപ്പിക്കുന്നതിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക്  50 ശതമാനം തൊഴില്‍ സംവരണം ചെയ്യുന്നതിനുള്ള സാധ്യതയും സമ്മേളനം ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ്കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുന്നണി സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും.