കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസിന് മുന്നില്‍ തടഞ്ഞുവെച്ചു.  കെ.സുധാകരന്‍ എം.പിക്കെതിരായ പ്രസ്താവനയില്‍ മാപ്പു പറയാതെ ഡി.സി.സി ഓഫീസില്‍ കയറ്റില്ലെന്ന് പറഞ്ഞാണ് രാമകൃഷ്ണനെ തടഞ്ഞുവെച്ചത്. ഡി.സി.സി. ഓഫീസിലെ കൊടിമരത്തിന് ചുവട്ടിലിരിക്കുകയാണ് രാമകൃഷ്ണന്‍.

കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് രാമകൃഷ്ണനെ തടഞ്ഞുവെച്ചിരിക്കുന്നത്.

കെ.സുധാകരന്‍ ഡി.സി.സി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചാണെന്ന് ഒരു സ്വകാര്യ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സുധാകരന്‍ രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തി. കേശവദേവിന്റെ റൗഡി കഥാപാത്രങ്ങളെപ്പോലെയാണ് കെ.സുധാകരന്‍ പെരുമാറുന്നതെന്നും ആളുകള്‍ കൈവിട്ടാല്‍ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണന്‍ തുറന്നടിച്ചിരുന്നു.

ഗുണ്ടകളെ കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കണ്ട. മാര്‍ക്‌സിസ്റ്റ് ശൈലിയില്‍ വിരട്ടാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും തുടങ്ങിയ പ്രസ്താവനകളിലൂടെ രാമകൃഷ്ണന്‍ ശക്തമായി സുധാകരനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കുന്നത്.

അതേസമയം, തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറല്ലെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കി. പ്രവര്‍ത്തകര്‍ എത്രകാലം വേണമെങ്കിലും തന്നെ തടഞ്ഞുവെച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു.