എഡിറ്റര്‍
എഡിറ്റര്‍
യു.എസില്‍ മോഡി അനുകൂലിക്ക് കോണ്‍ഗ്രസിന്റെ വിമര്‍ശനക്കത്ത്
എഡിറ്റര്‍
Sunday 17th November 2013 10:44am

modi-2

വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രഭാഷണത്തിന് ക്ഷണിച്ചുവെന്ന വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് മോഡി അനുകൂലിക്ക് കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം.

ചിക്കാഗോയിലുള്ള ഷല്ലികുമാര്‍ എന്നയാള്‍ക്കാണ് കോണ്‍ഗ്രസ് നേതാവ്  കാത്തി മക്‌മോറിസ് റോജേഴ്‌സ് വിമര്‍ശനമടങ്ങിയ കത്ത് നല്‍കിയത്.

അമേരിക്കയിലെ സെക്കുലര്‍ പക്ഷത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മോഡിയെ പ്രഭാഷണത്തിന് ക്ഷണിച്ചിട്ടില്ലെന്ന് നേരത്തേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

നവംബര്‍ 19ന് യു.എസിലെ കോണ്‍ഗ്രസ് നേതാക്കളും ഇന്തോ- അമേരിക്കന്‍സും പങ്കെടുക്കുന്ന പരിപാടിയില്‍  മോഡി വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രസംഗിക്കുമെന്നായിരുന്നു വാര്‍ത്ത.

ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മോഡിയുടെ പ്രചരണത്തിന് അനുവാദമില്ലാതെ കോണ്‍ഗ്രസിന്റെ ലേബല്‍ ഉപയോഗിക്കരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ഷല്ലികുമാറിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ മോഡിയെ ഗുജറാത്തിലെത്തി സന്ദര്‍ശിച്ചിരുന്നു.

മുമ്പും യു.എസില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മോഡി പ്രഭാഷണം നടത്തിയിട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരകളോട് മോഡി നീതിപൂര്‍വം ഇടപെട്ടില്ലന്ന് കാണിച്ച് മോഡിക്ക് വിസ നല്‍കരുതെന്ന് യു.എസിലെ നിയമവിദഗ്ധര്‍ ഭരണകൂടത്തിന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി  പ്രഭാഷണങ്ങള്‍ നടത്താന്‍ മോഡി നിര്‍ബന്ധിതനായത്.

Advertisement